'സങ്കടകരം, അവര്‍ നീതി തേടി തെരുവിലിരിക്കുന്നു'; ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ വൈറലായി മനു ഭാക്കറിന്റെ പഴയ പോസ്റ്റ്

 'സങ്കടകരം, അവര്‍ നീതി തേടി തെരുവിലിരിക്കുന്നു'; ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ വൈറലായി മനു ഭാക്കറിന്റെ പഴയ പോസ്റ്റ്

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായിരിക്കുകയാണ് ഷൂട്ടിങ് താരം മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലുമായാണ് ഒളിംപിക്സിന്റെ രണ്ടാം ദിനം ഹരിയാനയിലെ ജജ്ജാറില്‍ നിന്നുള്ള താരം രാജ്യത്തിന്റെ അഭിമാനമായത്. ഇതോടെ ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയായിരിക്കുകയാണ് മനു ഭാക്കര്‍.

എന്നാല്‍ മെഡല്‍ നേട്ടത്തിന് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മനു ഭാക്കറിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബി.ജെ.പി മുന്‍ എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ഷൂട്ടിങ് താരം സഹ അത്ലറ്റുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. നിരവധി മെഡലുകള്‍ സമ്മാനിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ താരങ്ങള്‍ നീതി തേടി തെരുവിലിരിക്കുന്നത് സങ്കടകരമാണെന്നും മനു എക്സില്‍ പ്രതികരിച്ചിരുന്നു.



വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ നിരവധി പേരാണ് പഴയ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് രംഗത്തെത്തുന്നത്.

2023 ഏപ്രില്‍ 29 ന് എക്സില്‍ കുറിച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു:

''നിരവധി തവണ മെഡലുകള്‍ സമ്മാനിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ എന്റെ സഹ അത്ലറ്റുകളുടെ(ഗുസ്തി താരങ്ങളുടെ) സ്ഥിതി കണ്ടിട്ട് അതീവ ദുഖിതയാണ് ഞാന്‍. നീതി തേടി റോഡിലിരിക്കുകയാണ് അവരിപ്പോള്‍. ഞാന്‍ അത്ലറ്റുകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. അവരുടെ പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കണം.''

ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് പുറമെ ബി.ജെ.പി നേതാവിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭമാണ് ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്നത്. രാജ്യത്തിന് ഒട്ടനവധി മെഡലുകള്‍ സമ്മാനിച്ച സാക്ഷി മാലിക്, വിനേഷ് ഫൊഗട്ട്, അന്‍ഷു മാലിക്, ബജ്റങ് പുനിയ തുടങ്ങിയ താരങ്ങള്‍ നീതി തേടി ദിവസങ്ങളോളം തെരുവിലിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയതേയില്ലെന്നു മാത്രമല്ല, ബ്രിജ് ഭൂഷണിനെതിരെ ഒരു നടപടിയും സ്വീകരിച്ചതുമില്ല. ഇത്തവണ ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണിന്റെ മകന്‍ സഞ്ജയ് സിങ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ താരങ്ങള്‍ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.