നിസ്‌കാര മുറി അനുവദിക്കാനാവില്ലെന്ന് നിര്‍മല കോളജ് പ്രിന്‍സിപ്പല്‍: ഖേദ പ്രകടനവുമായി മഹല്ല് കമ്മിറ്റികള്‍; സംഭവത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

നിസ്‌കാര മുറി അനുവദിക്കാനാവില്ലെന്ന് നിര്‍മല കോളജ് പ്രിന്‍സിപ്പല്‍: ഖേദ പ്രകടനവുമായി മഹല്ല് കമ്മിറ്റികള്‍; സംഭവത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

വിദ്യാര്‍ഥികള്‍ ചെയ്തത് തെറ്റെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍.

മുവറ്റുപുഴ: കോതമംഗലം രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പല്‍ ഫാദര്‍ ജസ്റ്റിന്‍ കെ. കുര്യാക്കോസ്.

കോളജിന്റെ 72 വര്‍ഷത്തെ ചരിത്രത്തില്‍ ക്യാമ്പസില്‍ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം പുലര്‍ത്തിപ്പോന്ന നിലപാട് തന്നെ കോളജ് തുടരും. തെറ്റായ പ്രചരണങ്ങളിലൂടെ മത സ്പര്‍ധ ഉണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കണമെമെന്നും അദേഹം ആവശ്യപ്പെട്ടു.

നിസ്‌കരിക്കാന്‍ പ്രാര്‍ഥനാ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കത്ത് നല്‍കിയിരുന്നു. ഈ ആവശ്യം അംഗീകരിക്കാനാവില്ല. വിദ്യാര്‍ഥികള്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായാവാം പ്രതിഷേധിച്ചത്.

കുട്ടികള്‍ക്കെതിരായ അച്ചടക്ക നടപടികള്‍ ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികള്‍ നിര്‍മലയിലെ കുട്ടികളാണ്. അവരെ തെറ്റുകള്‍ പറഞ്ഞ് മനസിലാക്കുമെന്നും അദേഹം വ്യക്തമാക്കി.


കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ മുവാറ്റുപുഴ നിര്‍മല കോളജില്‍ എത്തിയ ഭാരവാഹികള്‍ വൈദികരുമായി സംസാരിക്കുന്നു.

അതിനിടെ  വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദ പ്രകടനവുമായി വിവിധ മഹല്ല് കമ്മിറ്റികള്‍ രംഗത്തെത്തി. കുട്ടികള്‍ ചെയ്തത് തെറ്റാണെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കോളേജ് മാനേജുമെന്റുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഖേദ പ്രകടനം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിസ്‌കരിക്കാന്‍ പ്രാര്‍ഥനാ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കോളജില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.

സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയും മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫും ഈ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം മുവാറ്റുപുഴ നിര്‍മല കോളജിലുണ്ടായ അനിഷ്ട സംഭവത്തെ കത്തോലിക്ക കോണ്‍ഗ്രസ് അപലപിച്ചു. ഗ്ലോബല്‍ സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടനാ ഭാരവാഹികള്‍ കോളജ് സന്ദര്‍ശിച്ച് മാനേജ്‌മെന്റിന് പിന്തുണ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.