കല്‍പ്പറ്റ/ന്യൂഡല്‍ഹി: വയനാട് ചൂരല്‍ മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 344 ആയി. ഇവരില്‍ 29 പേര്‍ കുട്ടികളാണ്. 146 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്ന് ഇതുവരെ 14 മൃതദേഹങ്ങളാണ് തിരിച്ചിലില്‍ ലഭിച്ചത്. 172 മൃതദേഹങ്ങളാണ് ചാലിയാര്‍ പുഴയില്‍ ഒഴുകിയെത്തിയത്.
നാലാം ദിവസത്തെ രക്ഷാ ദൗത്യത്തിനിടെ ജീവന്റെ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ഒരു മണിക്കൂറോളം നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. സിഗ്‌നല്‍ ലഭിച്ചതിന്റെ 50 ചതുരശ്ര മീറ്റര്‍ പരിധിയിലാണ് മണ്ണു മാറ്റി പരിശോധന നടത്തിയത്. ഒന്നും കണ്ടെത്താനാവാതെ വന്നതോടെ ഈ ഭാഗത്തെ പരിശോധന താല്‍ക്കാലികമായി നിര്‍ത്തി.
തുടര്‍ന്ന് പ്രദേശവാസികള്‍ പറഞ്ഞതനുസരിച്ച് തൊട്ടടുത്തുള്ള ഒരു കലുങ്കിന്റെ സമീപവും പരിശോധന നടത്തി. കലുങ്ക് അടഞ്ഞു നിന്നിരുന്ന മണ്ണും ചെളിയും മാറ്റിയാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പരിശോധന നടത്തിയത്. എന്നാല്‍ അവിടെയും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിയെങ്കിലും പിന്നീട് തീരുമാനം മാറ്റി. രാത്രിയും ഇവിടെ പരിശോധന തുടരും.
ദുരന്ത പ്രദേശത്ത് നിന്നും 273 പേരെയാണ് ഇതുവരെ ആശുപത്രികളില്‍ എത്തിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 84 പേരാണ് ചികിത്സയിലുള്ളത്. 187 പേര്‍ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.
അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ പശ്ചിമ ഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്രം. സര്‍ക്കാര്‍ പുറത്തിറക്കി. കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ 9,993.7 ചതുരശ്ര കിലോ മീറ്റര്‍ ആണ് പരിസ്ഥിതി ലോല പ്രദേശമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടും. ആറ് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോ മീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക. കേരളത്തിലെ 131 വില്ലേജുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനം, ക്വാറി പ്രവര്‍ത്തനം, മണല്‍ ഖനനം എന്നിവ പൂര്‍ണമായും നിരോധിക്കണമെന്ന് കരട് വിജ്ഞാപനം നിര്‍ദേശിക്കുന്നു. കൂടാതെ, പുതിയ താപ വൈദ്യുത നിലയങ്ങള്‍ ആരംഭിക്കാനോ നിലവിലുള്ളവ വികസിപ്പിക്കാനോ പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.