കൊച്ചി: വയനാട്ടിലെ ചൂരല്‍ മലയിലും മുണ്ടക്കൈയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും.
ഇന്നലെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
കേരള കത്തോലിക്ക സഭയിലെ എല്ലാ രൂപതകളും സന്യാസ മൂഹങ്ങളും സഭാ സ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്ത നിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മിച്ചു നല്‍കും. ഈ വീടുകള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങള്‍ ലഭ്യമാക്കും.
സഭയുടെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സേവനം ആവശ്യ പ്രകാരം ലഭ്യമാക്കും. സഭ ഇതിനോടകം നല്‍കി വരുന്ന ്ര്രേടാമാ കൗണ്‍സിലിങ് സേവനങ്ങള്‍ തുടരും.
കേരള കത്തോലിക്ക സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെ (കെഎസ്എസ്എഫ്) ചുമതലപ്പെടുത്തിയിട്ടുണ്ട്. കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്റെ കീഴിലാണ് പ്രസ്തുത സേവന വിഭാഗം പ്രവര്‍ത്തിക്കുന്നത്.
ഈ പ്രവര്‍ത്തനങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സഭയുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുന്നത്. വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടല്‍ മൂലം സര്‍വവും നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ കേരള കത്തോലിക്കാ സഭ പങ്ക് ചേരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മ ശാന്തിക്കായി പ്രാര്‍ഥിക്കുന്നു.
ഒരായുസുകൊണ്ട് അധ്വാനിച്ച് സമ്പാദിച്ച ഭൂമിയും ഭവനവും ജീവനോപാദികളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരുടെ കണ്ണീരുണക്കാന്‍ ആശ്വാസ വാക്കുകള്‍ പര്യാപ്തമല്ലെങ്കിലും മലയാളിയുടെ മനസിന്റെ നന്മ ഇതിനോടകം പലരുടെയും സഹായ വാഗ്ദാനങ്ങളിലൂടെ പ്രകാശനമായിട്ടുണ്ട്.
സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദുരിതത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഇതിനോടകം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വലിയ പ്രതീക്ഷ നല്‍കുന്നു. സുമനസുകളായ എല്ലാവരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കേരള കത്തോലിക്ക സഭ പ്രതാജ്ഞാബദ്ധമാണ്.
കെസിബിസി യോഗത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കേരള റീജണല്‍ ലാറ്റിന്‍ കത്തോലിക്ക ബിഷപ്പ്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവരുള്‍പ്പെടെ 36 മെത്രാന്മാര്‍ സംബന്ധിച്ചു.
ധനസഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം, അക്കൗണ്ട് നമ്പര്‍: 196201000000100, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നാഗമ്പടം ബ്രാഞ്ച്, കോട്ടയം, ഐ.എഫ്.എസ്.സി കോഡ്: IOBA0001962 എന്ന അക്കൗണ്ട് നമ്പരിലേക്ക് തുക അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ജേക്കബ് മാവുങ്കല്‍ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെഎസ്എസ്എഫ്) ഫോണ്‍: 9495510395 എന്ന നമ്പരിലും ബന്ധപ്പെടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.