നിക്ഷേപം തട്ടാന്‍ സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു കൊലപ്പെടുത്തി; ക്വട്ടേഷന്‍ നല്‍കിയ വനിതാ ബാങ്ക് മാനേജരടക്കം നാല് പേര്‍ പിടിയില്‍

നിക്ഷേപം തട്ടാന്‍ സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു കൊലപ്പെടുത്തി; ക്വട്ടേഷന്‍ നല്‍കിയ വനിതാ ബാങ്ക് മാനേജരടക്കം നാല് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന്‍ എഞ്ചിനീയറായ സി പാപ്പച്ചന്‍ മെയ് 26 നാണ് മരിച്ചത്. വനിതാ ബാങ്ക് മാനേജര്‍ സരിത പണം തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചന്‍ കൊല്ലത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പാപ്പച്ചന് സ്വകാര്യ ബാങ്കില്‍ 80 ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ പണം തട്ടിയെടുക്കാനായി ബാങ്ക് മാനേജരായ സരിത, മറ്റൊരു ബാങ്ക് ജീവനക്കാരന്‍, മറ്റ് രണ്ട് പേര്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.

സൈക്കിളില്‍ പോകുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു എന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഓടിച്ചിരുന്ന അനിമോന്‍ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് അനിമോന്റെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്‍തുക എത്തിയതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് അനിമോന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. പാപ്പച്ചന്റെ സ്വകാര്യ ബാങ്കിലുണ്ടായിരുന്ന പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ബാങ്ക് മാനേജരും കൂട്ടാളികളും കൊലപാതകം ആസൂത്രണം ചെയ്തത്. ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്ന 40 ലക്ഷം രൂപ നഷ്ടപ്പെട്ടത് പാപ്പച്ചന്‍ അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാനായി കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

കൊലപാതകത്തില്‍ സ്വകാര്യ ബാങ്ക് മാനേജര്‍ സരിത, ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോന്‍ എന്നിവരടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്താന്‍ അനിമോന്‍ ആദ്യം ചോദിച്ചത് രണ്ട് ലക്ഷം രൂപയായിരുന്നു. പിന്നീട് പടിപാടിയായി വിലപേശി 18 ലക്ഷം രൂപയായി നിശ്ചയിക്കുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.