കൊച്ചി: കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം. സുതാര്യതയില്ലാത്ത ഇത്തരമൊരു റിപ്പോര്‍ട്ട് ഒരു ചര്‍ച്ചയും കൂടാതെ തുടര്‍നടപടികളിലേക്ക് കൊണ്ടുപോകുന്നത് പല സംശയങ്ങള്‍ക്കും ഇടയാക്കും. ഒട്ടും സുതാര്യതയില്ലാതെയാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ നടപടികളെന്ന വിവിധ തലങ്ങളിലെ പരാതി ഗൗരവമുള്ളതാണെന്നും അല്‍മായ ഫോറം വ്യക്തമാക്കി.
സ്‌കൂള്‍ സമയമാറ്റം, കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിര്‍ദേശം, എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം, സംസ്ഥാന സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവയ്ക്കല്‍ തുടങ്ങി ഒട്ടും പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ സമൂഹത്തില്‍ അപകടകരമായ തെറ്റിദ്ധാരണകള്‍ക്ക് കാരണമാകും. വിദ്യാഭ്യാസ മേഖലയിലെ ഈ നിര്‍ദേശങ്ങള്‍ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കും. അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിന് ഇടയാക്കുന്ന പരിഷ്‌കാരങ്ങള്‍ ഇതിലുണ്ട്. അധ്യാപക-അനധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കാനുള്ള നീക്കങ്ങള്‍അംഗീകരിക്കാനാവില്ല.
2019 ജനുവരിയിലാണ് റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചത്. അപ്പോള്‍ തന്നെ അതിലെ പല നിര്‍ദേശങ്ങളോടും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഖാദര്‍ കമ്മിറ്റി രണ്ട് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച രണ്ടാം ഭാഗ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള കരട് ചട്ടങ്ങള്‍ എങ്ങനെ നടപ്പാക്കും? വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ജനാധിപത്യപരമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നുവെന്ന് തുടക്കത്തില്‍ അവകാശപ്പെട്ട സര്‍ക്കാര്‍, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജനാധിപത്യ സ്വഭാവമോ സുതാര്യതയോ ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്നും അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. അധ്യാപക നിയമങ്ങളുമായി ബന്ധപ്പെട്ട ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പലതും കവരുന്നതാണ് ഈ റിപ്പോര്‍ട്ട്.
പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള നാല് തലങ്ങളിലുള്ള എല്ലാ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന മാറ്റം ഇങ്ങനെ രഹസ്യാത്മകമായും ചര്‍ച്ചകളില്ലാതെ ഏകാധിപത്യ രീതിയിലുമല്ല നടപ്പാക്കേണ്ടത്. ഇക്കാര്യത്തില്‍ അധ്യാപകരെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. പൊതുഖജനാവ് ധൂര്‍ത്തടിച്ചുള്ള ദീര്‍ഘ വീക്ഷണമില്ലാതെ രൂപപ്പെടുത്തിയ ഖാദര്‍ കമ്മിറ്റിയുടെ ഇത്തരം ബുദ്ധിശൂന്യമായ വിദ്യാഭ്യാസ ഭരണപരിഷ്‌കാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.