ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തേക്ക്; നിര്‍മാതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തേക്ക്; നിര്‍മാതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടുന്നത്  തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി.ജി അരുണ്‍ തള്ളിക്കളഞ്ഞത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കോടതി ഒരാഴ്ച സമയം നല്‍കി.

റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. അരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന സംസ്ഥാന വിവരാകാശ കമ്മിഷന്‍ ഉത്തരവിന് എതിരെയാണ് സജിമോന്‍ ഹര്‍ജി നല്‍കിയത്.

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്. വിമന്‍ ഇന്‍ കളക്ടീവും വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ട് എങ്ങനെയാണ് ഹര്‍ജിക്കാരനെ ബാധിക്കുകയെന്ന് വ്യക്തമല്ല. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിര്‍ദേശം റിപ്പോര്‍ട്ടില്‍ തന്നെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്.

2017 ല്‍ നിയോഗിക്കപ്പെട്ട സമിതി ആറ് മാസത്തിനകം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

രണ്ട് വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്തില്ല. മാത്രവുമല്ല, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായതുമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.