ഡോ. എം.എസ്. വലിയത്താന് അര്‍ഹിച്ച ആദരം കേരള സമൂഹം നല്കിയില്ല: ജസ്റ്റീസ് കെ. സുകുമാരന്‍

ഡോ. എം.എസ്. വലിയത്താന് അര്‍ഹിച്ച ആദരം കേരള സമൂഹം നല്കിയില്ല: ജസ്റ്റീസ് കെ. സുകുമാരന്‍

കൊച്ചി: ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയും തിരുവനന്തപുരത്തെ ശ്രീ ചിത്തിര മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയെ ഇന്നു കാണുന്ന വിധത്തില്‍ രാജ്യത്തിന്റെ അഭിമാനമായി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ഡോ. എം. എസ്. വലിയത്താന് അര്‍ഹതപ്പെട്ട ആദരം നല്കുന്നതില്‍ കേരളം പരാജയപ്പെട്ടുവെന്ന് ജസ്റ്റീസ് കെ. സുകുമാരന്‍ പറഞ്ഞു.

പാലാരിവട്ടം പിഒസിയില്‍, പിഒസിയും കാന്തല്ലൂര്‍ കൃഷി നാട്ടറിവ് പഠനകേന്ദ്രവും സംയുക്തമായി നടത്തിയ എം.എസ്. വലിയത്താന്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലോപ്പതിയും ആയൂര്‍വേദവും ആരോഗ്യ ശാസ്ത്രരംഗത്ത് മികവുറ്റ ചികിത്സാരീതികളാണെന്ന് ലോകത്തിനു ബോധ്യപ്പെടുത്തി കൊടുക്കാന്‍ അക്ഷീണം യത്‌നിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്ന ശ്രീ. സി. അച്ചുതമേനോന്‍ അദ്ദേഹത്തിലര്‍പ്പിച്ച വിശ്വാസവും നല്കിയ സ്വാതന്ത്ര്യവും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വലിയ മുതല്‍കൂട്ടായി ശ്രീ ചിത്തിരയെ മാറ്റുവാന്‍ അദേഹം പ്രയോജനപ്പെടുത്തി.

ആയൂര്‍വേദത്തിന്റെ അനന്ത സാധ്യതകളെ ആരോഗ്യപരിപാലനത്തിന് ഉപയുക്തമാക്കാന്‍ ആധുനിക സമൂഹത്തെ വലിയതോതിലാണ് അദേഹം പ്രചോദിപ്പിച്ചിട്ടുള്ളത്. ചെറുതെങ്കിലും അര്‍ഥവത്തായ ഈ യോഗം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നുവെന്നത് അഭിമാനം നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റേയും കാന്തല്ലൂര്‍ കൃഷി നാട്ടറിവ് പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണായോഗത്തില്‍ പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഡോ. കെ. മുരളി, ഡോ. അഭിലാഷ് വി.ആര്‍ നാഥ്, ജിയോ ജോസ്, ഫാ. പ്രൊഫ. ഡോ. എം.കെ. ജോസ്, എം.എം. അബ്ബാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കാന്തല്ലൂര്‍ പഠനകേന്ദ്രം ഡയറക്ടര്‍ എം.എം. അബ്ബാസ്, ഫാ. പ്രൊഫ. ഡോ. എം.കെ. ജോസ് എന്നിവര്‍ എഡിറ്റ് ചെയ്ത ''കുടുംബകൃഷി ആരോഗ്യ സുരക്ഷാ കൃഷിമാര്‍ഗം'' എന്ന പുസ്തകം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പ്രകാശനം ചെയ്തു. ജൈവകൃഷിയില്‍ സംസ്ഥാന പുരസ്‌കാരം നേടിയ പ്രകാശ് മായ്ത്തറ പുസ്തകം ഏറ്റുവാങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.