സംസ്ഥാന ചലച്ചിത്ര അവാർഡ് - 2024 ധാർമികതയെയും സനാതന മൂല്യങ്ങളെയും അവഗണിക്കുന്നു: സീറോ മലബാർ സഭാ അൽമായ ഫോറം

സംസ്ഥാന ചലച്ചിത്ര അവാർഡ് - 2024 ധാർമികതയെയും സനാതന മൂല്യങ്ങളെയും അവഗണിക്കുന്നു: സീറോ മലബാർ സഭാ അൽമായ ഫോറം

കൊച്ചി: കാതൽ ദി കോറിന് നല്ല ചലച്ചിത്രത്തിനുള്ള അവാർഡ് നൽകിയതിലൂടെ സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക- സദാചാര മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ലിബറല്‍ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി സംസ്ഥാന സർക്കാരും മാറുകയാണോ? ജനങ്ങളുടെ നികുതിപ്പണം എടുത്ത് അവാർഡുകൾ കൊടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സർക്കാർ സംവിധാനങ്ങൾ ഓർക്കണം.

നാളിതു വരെ കാത്തുസൂക്ഷിച്ച സനാതന മൂല്യങ്ങളെയൊക്കെയും തിരസ്‌കരിച്ച് അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ അധാര്‍മ്മികതകളെ സ്ഥാപിക്കാനാണ് പലപ്പോഴും ഇടതുപക്ഷ സർക്കാരുകൾ ശ്രമിക്കുന്നത്.കാതൽ ദി കോർ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ പരിഗണനയിൽ ഒരിക്കൽ പോലും വന്നില്ല എന്നത് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വ്യക്തമായ ഇടതുപക്ഷ അജണ്ട വെളിവാക്കുന്നു.

ഒരു കലാകാരൻ എന്ന നിലയിൽ പുലർത്തേണ്ട ധാർമികത ഇല്ലാതെ പോകുന്നുവെന്നതാണ് കാതൽ ദി കോറിന്റെ ഏറ്റവും വലിയ ന്യൂനത. സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്‌കാരസ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞൊഴിയുന്നതുകൊണ്ട് കാര്യം തീരുന്നില്ല. സനാതന മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയമാണ് ഈ ചിത്രത്തിലുള്ളത്.മനുഷ്യത്വത്തെയും ധാര്‍മികതയെയും കാര്‍ന്ന് തിന്നുന്ന ഏറ്റവും വലിയ വൈറസായി സിനിമ മാറിയിട്ട് കാര്യമുണ്ടോ? മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ തന്നെ മനസ്സിലാക്കണം. സിനിമയെന്ന മാധ്യമത്തോട് ധാർമിക പ്രതിബദ്ധത പുലര്‍ത്തുന്നതിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിച്ച ജൂറിയ്ക്കും തെറ്റു പറ്റിയിരിക്കുന്നു.

മനുഷ്യനെ ലൈംഗികതയിലേക്ക് മാത്രം ചുരുക്കുകയും അവന്റെ ആത്മാവിന്റെ ദാഹത്തിന് ശമനം നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ലിബറല്‍ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ദുര്‍ബല വെളിവാക്കുന്നതാണ് കാതൽ ദി കോറിനുള്ള നല്ല ചലച്ചത്രത്തിനുള്ള പുരസ്‍കാരം നൽകിയതിലൂടെ സാധിച്ചിരിക്കുന്നത്. സാമൂഹ്യ മൂല്യങ്ങളെ അവഹേളിച്ചിട്ടു വേണോ സിനിമാ കച്ചവടം നടത്തേണ്ടതെന്ന് ചലച്ചിത്രവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഗൗരവമായി ചിന്തിക്കണം. മാനവികതയില്‍ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രമിക്കണം. ഇത്തരം സിനിമകളിൽ അഭിനയിക്കുന്ന മഹാനടന്മാർ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്?


കേരളീയ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന പലവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ ലൈംഗികമായ അരാജകത്വത്തിലേക്ക് കാതൽ ദി കോറിനെപ്പോലെ ക്യാമറ തിരിക്കുന്നവര്‍ സമൂഹത്തിന്റെ നന്‍മയും നിലനില്‍പ്പും പരിഗണിക്കാത്തവരായി മാറുന്നു.ഇന്നത്തെ മലയാള സിനിമ അതിന്റെ ഇതിവൃത്ത തിരഞ്ഞെടുപ്പ്, ആഖ്യാന നിര്‍ബന്ധങ്ങള്‍, വ്യവസായ-വാണിജ്യ നിയമങ്ങള്‍, ആസ്വാദന മുന്‍ധാരണകള്‍ എന്നിങ്ങനെയുള്ള പ്രാഥമിക മേഖലയില്‍ തന്നെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതികളാണ് പലപ്പോഴും പിന്തുടരുന്നത്.സാമൂഹിക പ്രതിബദ്ധത എന്ന നിലയ്ക്ക് നല്ല സിനിമകൾ ആവിഷ്കരിക്കാൻ സിനിമക്കാർ ശ്രദ്ധിക്കണം.സിനിമ കച്ചവടവും വിനോദവും മാത്രമല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം.സമൂഹത്തിൽ നഷ്ടമാകുന്ന നന്മയും സ്നേഹവും ധാര്‍മികതയും വീണ്ടെടുക്കാന്‍ സർക്കാരും ജൂറിയും സിനിമാപ്രവർത്തകരും പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.