പരിസ്ഥിതി ലോല വിജ്ഞാപനത്തില്‍ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

പരിസ്ഥിതി ലോല വിജ്ഞാപനത്തില്‍ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

പാലക്കാട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലയില്‍ വില്ലേജുകള അതീവ പരിസ്ഥിതി ലോല മേഖയലായി പ്രഖ്യാപിച്ച് തയ്യാറാക്കിയ വിജ്ഞാപനത്തില്‍ നിന്നും ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ പാലക്കാട് രൂപതാ നേതൃ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സീറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പാലക്കാട് രൂപതാ നേതൃസംഗമവും ഗ്ലോബല്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും മുണ്ടൂര്‍ യുവക്ഷേത്ര കോളജില്‍ നടത്തി.


ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അഡ്വ.ബോബി ബാസ്റ്റിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ ആമുഖ സന്ദേശവും ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ സംഘടനാ സംവിധാന സന്ദേശവും നിര്‍വഹിച്ചു.

സമുദായം നേരിടുന്ന കാലികമായ വെല്ലുവിളികളും നിലപാടുകളും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമായി. ഗ്ലോബല്‍ ട്രഷറര്‍ അഡ്വ. ടോണി പുഞ്ചകുന്നേല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍, തോമസ് ആന്റണി, ഗ്ലോബല്‍ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, രൂപത ജനറല്‍ സെക്രട്ടറി ജിജോ അറയ്ക്കല്‍, ട്രഷറര്‍ ജോസ് മുക്കട, ജോസ് വടക്കേക്കര, കെ.എഫ് ആന്റണി, എലിസബത്ത് മുസോളിനി, രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സെക്രട്ടറി സണ്ണി നെടുമ്പുറം, രൂപതാ സെക്രട്ടറിമാരായ ദീപ ബൈജു, ജിനി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

താമരശേരി രൂപത ഡയറക്ടര്‍ ഫാ.സബിന്‍ തൂമുള്ളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. രൂപതയിലെ 130 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രൂപതയുടെ സുവര്‍ണജൂബിലിയുടെ ഭാഗമായി നടത്തിയ സമ്മേളനത്തില്‍ സംഘടനയുടെ വരും നാളുകളുടെ പ്രവര്‍ത്തനത്തിന് രൂപരേഖ തയ്യാറാക്കി.
തുടര്‍ന്ന് 2025 ഏപ്രില്‍ 26, 27 തിയതികളില്‍ പാലക്കാട് വെച്ച് നടക്കുന്ന കത്തോലിക്ക കോണ്‍ഗ്രസ് 107-ാം ജന്മദിനാഘോഷങ്ങള്‍ വിജയിപ്പിക്കാന്‍ വേണ്ട പ്രാരംഭ നടപടികളും ചര്‍ച്ച ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.