കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്സി വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിന്റെ ഭാരം ഫലത്തില്‍ യാത്രക്കാര്‍ ചുമക്കേണ്ടി വരും. യാത്രക്കാരില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കാതെ കരിപ്പൂരിലേക്ക് സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്നാണ് ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളുടെ നിലപാട്.
സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ചാര്‍ജ് പ്രകാരം പത്ത് കിലോമീറ്ററിന് 300 മുതല്‍ 325 രൂപയാണ് ലഭിക്കുക. എന്നാല്‍ കരിപ്പൂരില്‍ 40 രൂപ ഉണ്ടായിരുന്ന ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ചാര്‍ജ് ഒറ്റയടിക്ക് 283 രൂപയാക്കി ഉയര്‍ത്തി. ഒരു മണിക്കൂര്‍ പിന്നിട്ടാല്‍ തുക പിന്നെയും കൂടും. സെഡാന്‍, സെവന്‍ സീറ്റര്‍ വാഹനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കാണ്. ഈ മാസം 16 നാണ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഫീസ് ഏഴിരട്ടിയായി വര്‍ധിപ്പിച്ചത്.
കൂടാതെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് 20 രൂപയില്‍ നിന്ന് 40 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. അര മണിക്കൂറിന് ശേഷം 65 രൂപ നല്‍കണം. സ്വകാര്യ വാഹനങ്ങള്‍ക്ക് വിമാനത്താവള കോമ്പൗണ്ടില്‍ പ്രവേശിച്ച് സൗജന്യമായി പുറത്തുകടക്കുന്നതിനുള്ള സമയ പരിധി 11 മിനിറ്റാണ്. എന്നാല്‍ ഇതിനകം വിമാനത്താവളത്തില്‍ പ്രവേശിച്ച് യാത്രക്കാരെയും ലഗേജും പുറത്തിറക്കി തിരിച്ചുപോവുക എന്നത് പ്രായോഗികമല്ല.
വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ നേരത്തെ രണ്ട് ലൈന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ലൈന്‍ മാത്രമാണുള്ളത്. അകത്തേക്ക് പ്രവേശിക്കാന്‍ രണ്ട് ലൈനുണ്ട്. രാവിലെയും വൈകിട്ടുമാണ് കരിപ്പൂരില്‍ നിന്ന് ഭൂരിഭാഗം സര്‍വീസുകളും ഉള്ളത്. ഈ സമയങ്ങളില്‍ വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയും തിരിച്ചു പോവാന്‍ ഒരു ലൈന്‍ മാത്രം അനുവദിക്കുകയും ചെയ്യുമ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ക്കും സൗജന്യ സമയപരിധിക്കകം പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ടാക്സി ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതോടെ കള്ള ടാക്‌സികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നതാണ് മറ്റൊരു ആശങ്ക. ഇവര്‍ക്ക് പാര്‍ക്കിങ് ഫീസായി 40 രൂപ നല്‍കിയാല്‍ മതി. യാത്രക്കാര്‍ക്കും ലാഭം. പാര്‍ക്കിങ് ഫീസ് വര്‍ധനവിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കാനും സമര പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവാനുമാണ് ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.