കൊച്ചി: മാധ്യമ പ്രവര്‍ത്തകരുടെ പല സുപ്രധാന ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി പറയാതെ താര സംഘടനയായ എ.എം.എം.എയുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.
സംഘടനയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്നാണ് ജനറല്‍ സെക്രട്ടറി സിദ്ധിഖിന്റെ വാദം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മനപ്പൂര്‍വം മറുപടി പറയാതെ ഒളിച്ചോടിയതല്ലെന്നും ഒരു ഷോയുടെ തിരക്കിലായതിനാലാണ് പ്രതികരിക്കാന്‍ വൈകിയതെന്നും സിദ്ധിഖ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എ.എം.എം.എക്കെതിരെയല്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. കുറ്റവാളികളല്ലാത്തവരെ കൂടി പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ ആക്കരുതെന്നാണ് എ.എം.എം.എക്ക് പറയാനുള്ളതെന്നും സിദ്ധിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. അവര്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണ്. ഒരു ചര്‍ച്ചയ്ക്ക് വേണ്ടി മന്ത്രി സജി ചെറിയാന്‍ വിളിച്ചിരുന്നു. ചര്‍ച്ചക്ക് നിര്‍ദേശങ്ങള്‍ അറിയിച്ചിരുന്നു.
ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അത്തരം കേസുകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഹേമ കമ്മിറ്റി എ.എം.എം.എയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ല. മാധ്യമങ്ങളാണ് സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. എല്ലാ തൊഴില്‍ മേഖലയിലും ഉള്ളതുപോലെ തന്നെയാണ് സിനിമയിലുമെന്നും സിദ്ധിഖ് പറഞ്ഞു.
സംഘടനയില്‍ പവര്‍ ഗ്രൂപ്പ് എന്നൊന്നില്ലെന്ന് ആവര്‍ത്തിച്ച സിദ്ധിഖ് പത്ത് വര്‍ഷം മുമ്പ് ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നുവെന്നും അത് വെച്ചിട്ട് ആരെങ്കിലും പറഞ്ഞതാണോ എന്നറിയില്ലന്നും പറഞ്ഞു. മാഫിയ ഉണ്ടെന്ന് പറയുമ്പോള്‍, മാഫിയയുടെ അര്‍ഥം അറിഞ്ഞിട്ടാണോ.
ഒരു പവര്‍ ഗ്രൂപ്പിനും ഒരു സിനിമയും നിയന്ത്രിക്കാന്‍ കഴിയില്ല. ഇതില്‍ പറയുന്ന പല കാര്യങ്ങളും അറിയാത്ത കാര്യങ്ങളാണ്. എന്നാലും റിപ്പോര്‍ട്ടിനോട് പരിപൂര്‍ണമായി യോജിക്കുന്നുവെന്നും സിദ്ധിഖ് പറഞ്ഞു. ഡബ്ല്യുസിസി പറയുന്നതുപോലെ ആരുടേയും അവസരം നിഷേധിച്ചിട്ടില്ല. പാര്‍വതി നല്ലൊരു നടിയാണ്. അവര്‍ക്ക് അവസരം നിഷേധിച്ചെന്ന് എങ്ങനെയാണ് പറയുന്നത്.
കോണ്‍ക്ലേവ് എന്താണെന്ന് അറിയില്ല. അതിനെക്കുറിച്ച് മനസിലാക്കിയതിന് ശേഷം പ്രതികരിക്കാം. കാസ്റ്റിങ് കൗച്ചില്‍ അത്തരം അനുഭവങ്ങള്‍ ആരെങ്കിലും നേരിട്ട് പറഞ്ഞാല്‍ മാത്രമേ അത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയൂ. വേട്ടക്കാരുടെ പേര് പുറത്ത് പറയണമെന്നത് സംഘടനയില്‍ ചര്‍ച്ച ചെയ്യുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.