കനത്ത മഴയില്‍ മുങ്ങി ആന്ധ്രയും തെലങ്കാനയും; മരണം 25 ആയി; 140 ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴയില്‍ മുങ്ങി ആന്ധ്രയും തെലങ്കാനയും; മരണം 25 ആയി; 140 ട്രെയിനുകള്‍ റദ്ദാക്കി

ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും അതിശക്തമായ മഴ. ആന്ധ്രയില്‍ 15 പേരും തെലങ്കാനയില്‍ പത്തുപേരും പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനത്ത മഴയില്‍ പലയിടങ്ങളും മുങ്ങി. റോഡിലും റെയില്‍ പാളങ്ങളിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാനങ്ങളിലെയും റോഡ്, റെയില്‍ ഗതാഗതം താറുമാറായി.

കനത്ത മഴയും വിജയവാഡ - കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ചിലതും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22648 കൊച്ചുവേളി - കോര്‍ബ എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 22815 ബിലാസ്പൂര്‍ - എറണാകുളം എക്സ്പ്രസ് , സെപ്റ്റംബര്‍ നാലിന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22816 എറണാകുളം - ബിലാസ്പൂര്‍ എക്സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വെ വിജയവാഡ ഡിവിഷനില്‍ 140 ട്രെയിനുകള്‍ റദ്ദാക്കി. 97 എണ്ണം വഴിതിരിച്ചു വിട്ടതായും റെയില്‍വെ അറിയിച്ചു.

നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാന, ദേശീയ ദുരന്തനിവാരണ അതോറിറ്റി രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തെത്തി. ഇരു സംസ്ഥാനങ്ങളിലുമായി 26 എന്‍ഡിആര്‍എഫ് സംഘങ്ങളെയാണ് വിന്യസിച്ചത്. വരും ദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് വിവരം.

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി അടിയന്തര അവലോകന യോഗം ചേര്‍ന്ന് ജാഗ്രത പാലിക്കണമെന്നും പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായത്തിന് നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.