'കവടിയാറില്‍ എഡിജിപി 12,000 ചതുരശ്ര അടിയുള്ള കൊട്ടാരം പണിയുന്നു': വീണ്ടും ശബ്ദ സന്ദേശവുമായി പി.വി അന്‍വര്‍

'കവടിയാറില്‍ എഡിജിപി 12,000 ചതുരശ്ര അടിയുള്ള കൊട്ടാരം പണിയുന്നു': വീണ്ടും ശബ്ദ സന്ദേശവുമായി പി.വി അന്‍വര്‍

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സിപിഎം  എംഎല്‍എ പി.വി അന്‍വര്‍.

തിരുവനന്തപുരത്ത് എം.ആര്‍ അജിത് കുമാര്‍ പത്ത് സെന്റ് സ്ഥലം വാങ്ങി 12,000 ചതുരശ്ര അടിയുള്ള കൊട്ടാര സദൃശ്യമായ വീട് പണിയുന്നതായാണ് അന്‍വറിന്റെ പുതിയ ആരോപണം. വീട് പണിയുന്നതിന്റെ രേഖകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോയി അന്വേഷിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ അറിയാമെന്നും അന്‍വര്‍ പറഞ്ഞു.

കവടിയാര്‍ കൊട്ടാരത്തിന് സമീപം സെന്റിന് 60 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വിലയുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് അവിടെ വീടുണ്ട്. യൂസഫലി തലസ്ഥാനത്ത് ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ഊഹിക്കാലോ, ആ പ്രദേശത്തിന്റെ പ്രാധാന്യം.

അതിനടുത്താണ് ഈ സ്ഥലം. ഒരു അഴിമതിയുമില്ല, കള്ളക്കച്ചവടവുമില്ല, ഹവായ് ചെരിപ്പും കീറിപ്പറിഞ്ഞ പാന്റുമേ ഇടൂ. പാവപ്പെട്ട എഡിജിപിയുടെ ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും പി.വി അന്‍വര്‍ ആവശ്യപ്പെട്ടു.

സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതിലും എഡിജിപി എം.ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശവും അന്‍വര്‍ പുറത്തു വിട്ടു.

സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തു വിടുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.