പ്രകാശ് ജോസഫ്
മെല്‍ബണ്‍: ഫ്രാന്‍സില്‍ അടുത്തിടെ നടന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികളെ വലിയ ദുഖത്തിലാഴ്ത്തിയ 'തിരുവത്താഴ അധിക്ഷേപം' അധികമാരും മറക്കാനിടയില്ല.
ലോക രാജ്യങ്ങള്‍ ഒരുമിക്കുന്ന ഏറ്റവും മഹത്തായ കായിക ആഘോഷ വേളയില്‍ കൃത്യമായ ഗൂഢലക്ഷ്യത്തോടെ ക്രിസ്തീയ വിശ്വാസത്തെ പരിഹസിക്കാനും വില കുറച്ചുകാട്ടാനും നടത്തിയ ശ്രമങ്ങള്‍ക്കെതിരേ ജാതിമത ഭേദമന്യേ ലോകമെമ്പാടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഫലപ്രദമായി ഈ പ്രതിഷേധങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിലും അതുവഴി ഇത്തരം ഹീന പരിഹാസങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പാക്കുന്നതിലും ക്രൈസ്തവ സമൂഹം വരുത്തിയ വീഴ്ച്ച ആഴത്തില്‍ പരിശോധിക്കേണ്ടതാണ്.
തിരുവത്താഴത്തെ അധിക്ഷേപിച്ച് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച സ്‌കിറ്റ്
ഒളിമ്പിക്‌സ് സംഘാടകരെ ഔദ്യോഗികമായി പ്രതിഷേധമറിയിക്കാന്‍, സ്‌പെയിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ സന്നദ്ധ സംഘടനയായ 'സിറ്റിസണ്‍ ഗോ' ആരംഭിച്ച പ്രതിഷേധ ക്യാമ്പെയ്‌നില്‍ ഇതുവരെ പങ്കെടുത്തത് കേവലം നാലു ലക്ഷം പേര്‍ മാത്രമാണെന്നറിയുമ്പോഴാണ് ക്രൈസ്തവ സമൂഹത്തിന്റെ നിസംഗതയുടെ ആഴം വെളിപ്പെടുന്നത്. പ്രാരംഭ ഘട്ടത്തില്‍ സംഘടന ലക്ഷ്യമിട്ടിരുന്ന അഞ്ച് ലക്ഷം പ്രതിഷേധ ഒപ്പുകളില്‍ സെപ്റ്റംബര്‍ ഒന്നുവരെ ലഭിച്ചത് നാലു ലക്ഷത്തി രണ്ടായിരം മാത്രം. ലോക ജനസംഖ്യയില്‍ 30 ശതമാനം ക്രൈസ്തവരും 17 ശതമാനത്തിലേറെ കത്തോലിക്കരുമുള്ളിടത്താണ് തങ്ങളുടെ വിശ്വാസത്തിനെതിരേ നടന്ന ആക്ഷേപത്തിനെതിരേയുള്ള ഈ തണുപ്പന്‍ പ്രതികരണം.
ലോക ജനസംഖ്യയില്‍ ഒരു ശതമാനമെങ്കിലുമുള്ള മറ്റേതൊരു മതവിഭാഗമോ സമൂഹമോ ആണെങ്കില്‍ പോലും ഇതിലും എത്ര കൂടുതലായി പ്രതിഷേധങ്ങള്‍ ഉയരുമായിരുന്നു... എതിര്‍പ്പിന്റെ സ്വരം അധികാരികളില്‍ എത്തുമായിരുന്നു?
തിരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് നിരന്തരം ആഹ്വാനം ചെയ്തതിനു ശേഷം ഇലക്ഷന്‍ ദിനത്തില്‍ വോട്ട് ചെയ്യാതിരിക്കുന്ന ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയുടെ സമീപനത്തോട് ക്രിസ്തീയ സമൂഹത്തിന്റെ ഇത്തരം നിഷ്‌ക്രിയത്വത്തെ താരതമ്യപ്പെടുത്താം.
ആഗോള കത്തോലിക്ക സഭയിലെ വൈദികരുടെ എണ്ണം നാല് ലക്ഷത്തോളം വരും. സന്യാസിനികള്‍, അല്‍മായ പ്രേക്ഷിതര്‍, വിശ്വാസ പരിശീലകര്‍, ദേവാലയ ശുശ്രൂഷികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ മാത്രം ചേര്‍ന്നാല്‍ പോലും എത്ര ലക്ഷത്തിലേറെ പേര്‍ വരും.
എന്നാല്‍ ദൈവപുത്രനായ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ പരിഹസിച്ച് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച വികല നടപടിയെ വിമര്‍ശിക്കാന്‍ പോലും കഴിയാത്തവരാണോ മഹാഭൂരിപക്ഷവും. അതോ ക്രിസ്തീയമായ ഈ പ്രതിഷേധങ്ങള്‍ ഭൂരിപക്ഷം പേരും അറിയാതെ പോകുന്നതാണോ?
പ്രതിഷേധമുയര്‍ന്നത് അമേരിക്കന്‍ സഭയുടെ ഇടപെടലില്‍
ഒളിമ്പിക് വിവാദത്തിനെതിരേ ആദ്യം പ്രതിഷേധമുയര്‍ന്നത് അമേരിക്കയിലെ കത്തോലിക്ക സഭയില്‍ നിന്നാണ്. അധിക്ഷേപം ദൈവ നിന്ദയാണെന്നും അപലപിക്കപ്പെടേണ്ടതാണെന്നും നിലപാട് വ്യക്തമാക്കി ആദ്യം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് അമേരിക്കന്‍ മെത്രാന്‍ റോബര്‍ട്ട് ബാരനാണ്. തുടര്‍ന്ന് ഫ്രഞ്ച് മെത്രാന്‍ സമിതി പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്ന് നിരവധി മെത്രാന്മാരും സഭയ്ക്കകത്തും പുറത്തുമുള്ള ഒട്ടവനധി പ്രമുഖരും പ്രതിഷേധ സ്വരങ്ങളുയര്‍ത്തി. ഒടുവില്‍ വത്തിക്കാന്‍ ഔദ്യോഗികമായി ഒളിമ്പിക് കമ്മിറ്റിയെ പ്രതിഷേധമറിയിച്ചു.
അവതരണം ദുരുദ്ദേശപരമായിരുന്നില്ലെന്ന് ഒളിമ്പിക് കമ്മിറ്റി പ്രസ്താവനയിറക്കിയതോടെ പ്രതിഷേധ സ്വരങ്ങളും നിലച്ചു.
ബിഷപ്പ് റോബര്‍ട്ട് ബാരന്‍
ദൈവ നിന്ദയ്‌ക്കെതിരേ പ്രതിഷേധിക്കാനും ഒളിമ്പിക് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ഇ-മെയിലിലൂടെയും കത്തുകളിലൂടെയും പ്രതിഷേധമറിയിക്കാന്‍ ആഹ്വാനം ചെയ്ത് വിശുദ്ധ കുര്‍ബാന മധ്യേ അമേരിക്കന്‍ വൈദികനായ ഫാ. ക്രിസ് അലര്‍ എം.ഐ.സി നടത്തിയ വചനസന്ദേശം ലക്ഷക്കണക്കിന് ആളുകള്‍ യൂട്യൂബിലൂടെ കണ്ടെങ്കിലും എത്രപേര്‍ ഈ ആഹ്വാനങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടാകും?
വൈകിയാല്‍ അധിക്ഷേപങ്ങള്‍ അതിരു കടക്കും
സിറ്റിസണ്‍ ഗോയുടെ പ്രതിഷേധ ക്യാമ്പെയ്‌നിലൂടെ ഇ-മെയിലിലൂടെയും ഫേസ്ബുക്കിലൂടെയും ഒളിമ്പിക് കമ്മിറ്റിയെ പ്രതിഷേധമറിയിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തി സീന്യൂസ് ലൈവ് നിരവധി വാര്‍ത്തകള്‍ നല്‍കുകയുണ്ടായി. പ്രതിഷേധത്തിന്റെ മുനയൊടിയുന്നിടത്ത് അധിക്ഷേപങ്ങള്‍ അതിരു കടക്കും എന്ന വസ്തുത എന്നാണ് ക്രൈസ്തവ സമൂഹം തിരിച്ചറിയുക?
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രിസ്തീയ വിശ്വാസത്തെ ആക്ഷേപിച്ച് നടത്തിയിട്ടുള്ള നിരവധി പരസ്യങ്ങളും വാര്‍ത്താവതരണങ്ങളും നിയമനിര്‍മാണങ്ങളുമെല്ലാം വിശ്വാസി സമൂഹം വേണ്ടവണ്ണം ശ്രദ്ധിക്കാത്തതിന്റെ ഫലമാണ് ആവര്‍ത്തിച്ചുള്ള നിന്ദനങ്ങള്‍.
ഉരുളക്കിഴങ്ങ് ചിപ്‌സിന്റെ പരസ്യത്തില്‍ തിരുവോസ്തി ഇടംപിടിക്കുന്നത്, ഈസ്റ്റര്‍ ദിനത്തില്‍ ചീസ് കേക്കിന്റെ പരസ്യത്തില്‍ ഈശോയെ കളിയാക്കുന്നത്, നാടകങ്ങള്‍, സിനിമകള്‍ എന്നിവയിലൂടെ ക്രൈസ്തവ സമൂഹം നേരിടുന്ന എണ്ണമറ്റ നിന്ദനങ്ങളും അധിക്ഷേപങ്ങളും അറിയാത്തവരുണ്ടാകില്ല. എങ്കിലും ക്രിയാത്മകമായ പ്രതികരിക്കണത്തിന് ക്രിസ്തീയ വിശ്വാസികളെ ആരെങ്കിലും നിര്‍ബന്ധപൂര്‍വം പ്രേരിപ്പിക്കേണ്ട സാഹചര്യമാണുള്ളത്.
സിറ്റിസണ്‍ ഗോയെക്കുറിച്ച്
സ്‌പെയിന്‍ ആസ്ഥാനമായുള്ള കത്തോലിക്ക സന്നദ്ധ സംഘടനയാണ് 'സിറ്റിസണ്‍ ഗോ'. ക്രിസ്തീയ വിശ്വാസത്തിനെതിരായ നീക്കങ്ങളെ ക്രിസ്തീയമായി പ്രതിരോധിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സ്വവര്‍ഗ ലൈംഗികതയെ എതിര്‍ക്കുന്നതിലും ജീവനും കുടുംബ ഭദ്രതയെ സംരക്ഷിക്കുന്നതിനുമുള്ള പ്രചാരണങ്ങളില്‍ സംഘടന സജീവമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.