ലണ്ടന്‍: യു.കെ സ്വപ്നവുമായി എത്തുന്ന വിദ്യാര്‍ഥികളെ വലയിലാക്കാന്‍ പാക് പൗരന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തട്ടിപ്പ് ശൃഖല പ്രവര്‍ത്തിക്കുന്നതായി ബി.ബി.സി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നടക്കം നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പാക് പൗരന്റെ ചൂഷണത്തിന് ഇരയായത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ ജോലി സംഘടിപ്പിച്ചു കൊടുക്കാമെന്ന തരത്തിലാണ് തട്ടിപ്പുകാര്‍ വാഗ്ദാനം നല്‍കുന്നത്.
ആയിരക്കണക്കിന് പൗണ്ട് വിദ്യാര്‍ഥികളില്‍ നിന്ന് തട്ടിക്കുന്ന സംഘം അവര്‍ക്ക് നല്‍കുന്ന വ്യാജ വിസ ഡോക്യുമെന്റുകളാണെന്ന് ബി.ബി.സിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തി. സൗജന്യമായി ലഭിക്കേണ്ട സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിദ്യാര്‍ഥികള്‍ നല്‍കേണ്ടി വരുന്നത് 17000 പൗണ്ടാണ്.
എന്നാല്‍ അവര്‍ സ്‌കില്‍ഡ് വര്‍ക്ക് വിസയ്ക്ക് അപേക്ഷിച്ചാല്‍ ഇത്തരം ഡോക്യുമെന്റുകള്‍ ഇന്‍വാലിഡ് ആയതിനാല്‍ നിരസിക്കപ്പെടുകയും ചെയ്യും. ഇത്തരം വ്യാജ ഡോക്യുമെന്റുകള്‍ക്ക് പിന്നില്‍ തൈമൂര്‍ റാസ എന്ന പാക് പൗരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഏകദേശം 1.2 മില്യണ്‍ പൗണ്ടാണ് ഇയാള്‍ തട്ടിയെടുത്തത്.
വെസ്റ്റ് മിഡ് ലാന്‍ഡില്‍ ഓഫീസ് വാടകയ്ക്ക് എടുത്തും ജീവനക്കാരെ നിയമിച്ചുമാണ് ഇയാള്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് കെയര്‍ ഹോമുകളിലും സ്‌പോണ്‍സര്‍ഷിപ്പ് ജോലികളും നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിസ തട്ടിപ്പ് സംഘത്തിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഇയാളെന്ന് ബി.ബി.സിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
തൊഴില്‍ വിസയ്ക്കായി ശ്രമിച്ച് ലക്ഷക്കണക്കിന് രൂപ നഷ്ടമായ 17 സ്ത്രീകളെയും പുരുഷന്മാരെയും ബി.ബി.സി ബന്ധപ്പെട്ടതായാണ് അവരുടെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്. ഇവരില്‍ ഇന്ത്യയില്‍ നിന്നുള്ളവരുമുണ്ട്. ഇവരില്‍ മൂന്നുപേര്‍ 38000 പൗണ്ടാണ് ഇതുവരെ വിവിധ ഏജന്റുകള്‍ക്ക് വിസയ്ക്കായി ചിലവാക്കിയത്.
2022-ല്‍ ഏകദേശം 165,000 തസ്തികകള്‍ കെയര്‍ മേഖലയില്‍ ഒഴിവുണ്ടായിരുന്നു. ഈ മേഖലയില്‍ വിദേശത്തുനിന്നുള്ളവരെ നിയമിക്കുന്നതിനുള്ള വിസ സര്‍ക്കാര്‍ അനുവദിച്ചതാണ് വ്യാപകമായി തട്ടിപ്പുകാര്‍ ഉപയോഗിച്ചത്.
ഇത്തരം വിസകളില്‍ പലതും യുകെയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി തട്ടിപ്പ് നടത്തുകയായിരുന്നു. യുകെയില്‍ വിദ്യാര്‍ഥിനിയായി എത്തിയ 21 വയസുകാരി 10000 പൗണ്ട് ആണ് വിസയ്ക്കായി നല്‍കിയത്. ആദ്യം ഏജന്റിന് 8000 പൗണ്ട് നല്‍കി ആറു മാസത്തോളമാണ് ജോലിക്ക് പ്രവേശിക്കാനുള്ള രേഖകള്‍ക്കായി കാത്തിരുന്നത്. എന്നാല്‍ പിന്നീടാണ് താന്‍ കബളിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്.
അപേക്ഷകള്‍ നിരസിക്കപ്പെട്ട 86-ലധികം വിദ്യാര്‍ഥികളുടെ അനുഭവങ്ങളും ബിബിസി റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ചിലരില്‍ നിന്ന് വന്‍തുക ഈടാക്കിയ ഇയാള്‍ പിന്നീട് അവരുടെ ഫോണ്‍ കോളുകള്‍ പോലും അറ്റന്‍ഡ് ചെയ്യാത്ത അവസ്ഥയാണുള്ളത്.
ഇങ്ങനെ യുകെയിലെത്തിയവരില്‍ പലര്‍ക്കും കയ്യില്‍ പണമില്ല. എന്നാല്‍ ഇതുവരെ സമ്പാദിച്ചത് മുഴുവന്‍ വിസയ്ക്കായി ചെലവാക്കിയതിനാല്‍ തിരിച്ചുമടങ്ങല്‍ എന്നതും ഇവരെക്കൊണ്ട് ഇനി സാധ്യമല്ല. അക്ഷരാര്‍ഥത്തില്‍ തങ്ങള്‍ ഒരു കെണിയില്‍ അകപ്പെട്ടതായാണ് ഇവര്‍ ബി.ബിസിയോട് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.