'ഇസ്രയേല്‍ സൈനിക സമ്മര്‍ദ്ദത്തിന് മുതിര്‍ന്നാല്‍ ബന്ദികളെ ശവപ്പെട്ടിയിലാക്കി മടക്കി അയക്കും': ഭീഷണിയുമായി ഹമാസ് നേതാവ്

'ഇസ്രയേല്‍ സൈനിക സമ്മര്‍ദ്ദത്തിന് മുതിര്‍ന്നാല്‍ ബന്ദികളെ ശവപ്പെട്ടിയിലാക്കി മടക്കി അയക്കും': ഭീഷണിയുമായി ഹമാസ് നേതാവ്

ഗാസ: ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രയേല്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ഹമാസ് നേതാവ്.

ഇസ്രയേല്‍ സൈന്യം സമ്മര്‍ദം ചെലുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളാക്കിയവരെ ഒന്നൊന്നായി ശവപ്പെട്ടിയിലാക്കി ഇസ്രയേലിലേക്ക് അയയ്ക്കുമെന്നാണ് ഭീഷണി. തങ്ങളുടെ ആളുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹമാസിന്റെ ഖാസിം ബ്രിഗേഡ് വക്താവ് അബു ഉബൈദ് ഭീഷണി മുഴക്കി.

ഒരു കരാറും കൂടാതെ സൈനിക സമ്മര്‍ദ്ദം ചെലുത്തി ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചാല്‍ അവരെ ശവപ്പെട്ടിയിലാക്കി തിരിച്ചയക്കും. ബന്ദികളാക്കിയവരെ ജീവനോടെ തിരികെ വേണോ, അതോ മൃതദേഹങ്ങള്‍ തിരികെ വേണോ എന്ന കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഇസ്രയേലാണ്.

ബന്ദികളുടെ മരണത്തിന് ഉത്തരവാദികള്‍ നെതന്യാഹുവും സൈന്യവും ആണെന്ന് ഹമാസ് വക്താവ് പറഞ്ഞു. ഹമാസ് തുരങ്കങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയ ആറ് ബന്ദികളുടെ തലയ്ക്ക് പിന്നില്‍ വെടിയേറ്റതായി നെതന്യാഹു പറഞ്ഞു.

ഓഗസ്റ്റ് 31 നാണ് ഗാസയിലെ ഹമാസിന്റെ തുരങ്കങ്ങളില്‍ നിന്ന് അറ് ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ കണ്ടെത്തിയത്. സൈനികര്‍ അവിടെ എത്തുന്നതിന് തൊട്ടു മുമ്പ് ഹമാസ് ബന്ദികളെ ക്രൂരമായി കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു.

പ്രദേശത്ത് ആറ് ബന്ദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതായി ഐഡിഎഫ് അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ സൈന്യം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോയത്. അതിനിടെയാണ് ഹമാസിന്റെ ഒരു തുരങ്കം കണ്ടെത്തിയത്. ഇവിടെ നടത്തിയ അന്വേഷണത്തില്‍ ബന്ദികളാക്കിയവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

251 ഇസ്രയേല്‍ പൗരന്മാരെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഇവരില്‍ 97 പേര്‍ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. കഴിഞ്ഞ വര്‍ഷം നവംബറിലെ വെടിനിര്‍ത്തലില്‍ 105 ബന്ദികളെ വിട്ടയച്ചിരുന്നു. 33 പേരാണ് തടങ്കലില്‍ മരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.