ന്യൂഡല്‍ഹി: രാഷ്ട്രീയ മിലിറ്ററി സ്‌കൂളുകളിലെ (ആര്‍എംഎസ്) 2025-26 ലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ 19 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി.
സായുധ സേനകളിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ) അഫിലിയേഷനുള്ള അഞ്ച് റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളുകളിലേക്കാണ് പ്രവേശനം ലഭിക്കുക. ഷിംല (ഹിമാചല്‍ പ്രദേശ്), അജ്‌മേര്‍, ദോല്‍പുര്‍ (രാജസ്ഥാന്‍), ബല്‍ഗാം, ബെംഗളൂരു (കര്‍ണാടക) എന്നിവിടങ്ങളിലാണ് സ്‌കൂളുകള്‍ ഉള്ളത്. സിബിഎസ്ഇ പാഠ്യക്രമം അനുസരിച്ച് 6-12 വരെ ക്ലാകസുണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞ് സയന്‍സ് വിഭാഗം മാത്രമാണുള്ളത്. 10,12 പരീക്ഷകള്‍ക്കൊപ്പം എന്‍ഡിഎ പ്രവേശന പരീക്ഷയ്ക്കുള്ള ക്ലാസുകളും നല്‍കും.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആറ്, ഒന്‍പത് ക്ലാസുകളില്‍ ലഭ്യമായ ഒഴിവുകള്‍ പരിഗണിച്ച് പ്രവേശനം നല്‍കും. സായുധ സേനാംഗങ്ങളുടെ വാര്‍ഡുകള്‍ക്കും സിവിലിയന്‍ വിഭാഗക്കാര്‍ക്കും പ്രവേശനമുണ്ട്. ബോര്‍ഡിംഗ് നിര്‍ബന്ധമാണ്. ഡേസ്‌കോളര്‍ രീതിയുണ്ടാവില്ല.
അഞ്ചാം ക്ലാസ് ജയിച്ചവരോ ആറാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. ഒന്‍പതാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അംഗീകൃത സ്‌കൂളില്‍ നിന്നും എട്ടാം ക്ലാസ് ജയിച്ചിരിക്കണം. സിഇടിയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകും. ക്ലാസ് ആറ് ഇന്റര്‍വ്യൂവിന് 20-ഉം ക്ലാസ് ഒന്‍പത് ഇന്റര്‍വ്യൂവിന് 50-ഉം മാര്‍ക്ക് ഉണ്ടാകും. ഇതിലെ മാര്‍ക്കും സി.ഇ.ടി മാര്‍ക്കും ചേര്‍ത്തായിരിക്കും അന്തിമമെറിറ്റ് തയ്യാറാക്കുക.
മെഡിക്കല്‍ ഫിറ്റ്‌നസ്, സംവരണം, സീറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും സീറ്റ് അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rashtriyamilitaryschools.edu.in സന്ദര്‍ശിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.