ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എംയിംസില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു അന്ത്യം.
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 19 നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നാല് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
1952 ഓഗസ്റ്റ് 12 ന് ആന്ധ്രയിലെ ബ്രാഹ്മണ ദമ്പതികളായ സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി മദ്രാസിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. ഹൈദരാബാദില്‍ വളര്‍ന്ന യെച്ചൂരി പത്താം ക്ലാസ് വരെ ഓള്‍ സെയിന്റ്‌സ് ഹൈസ്‌കൂളില്‍ പഠിച്ചു.
പിന്നീട് ഡല്‍ഹിയിലെ പ്രസിഡന്റ്‌സ് എസ്റ്റേറ്റ് സ്‌കൂളില്‍ ചേര്‍ന്ന യെച്ചൂരി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കി. 1975 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി. പത്രപ്രവര്‍ത്തകയായ സീമ ക്രിസ്റ്റിയാണ് ഭാര്യ.
1974 ല്‍ എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്. ജെഎന്‍യുവിലെ പഠനത്തിനിടയില്‍ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്.
അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യെച്ചൂരിയെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
1978 ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതെ വര്‍ഷം തന്നെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.
1984ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. അന്താരാഷ്ട്ര വിഷയങ്ങളുടെ സിപിഎം തലവനും പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററും കൂടിയാണ് യെച്ചൂരി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.