ഒട്ടാവ: വിദേശ വിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നും വിദേശ തൊഴിലാളി നിയമങ്ങൾ കർശനമാക്കുമെന്നും കാനഡ സർക്കാർ വ്യക്തമാക്കി.
കുടിയേറ്റം രാജ്യത്തെ സമ്പദവ്യവസ്ഥയ്ക്ക് കാര്യമായ ഗുണം ചെയ്യുന്നുണ്ടെങ്കിലും ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നവരും ഏറെയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
5,09,390 പേർക്കാണ് 2023ൽ കനേഡിയൻ സർക്കാർ ഇൻ്റർനാഷണൽ സ്റ്റഡി പേർമിറ്റ് നൽകിയത്. 2024 ൽ ഇതുവരെയുള്ള കണക്ക് പ്രകാരം ഇത് 1,75,920 ആണ്. 2025ൽ 4,37,000 പെർമിറ്റുകളിലേക്ക് ക്രമീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ വിദേശികൾക്ക് പങ്കാളികളെ കൊണ്ടുവരാനുള്ള നിയമമുണ്ട്. പുതിയ മാറ്റങ്ങൾ വരുന്നതോടെ ഇതിലും വ്യത്യാസമുണ്ടാകും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിൽ ജനസംഖ്യാ വളർച്ച അതിവേഗം വർധിക്കുന്നതും തൊഴിലില്ലായ്മയും ആണ് മാറ്റങ്ങൾക്ക് പിന്നിൽ. കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ കാനഡയിലെ ജനസംഖ്യാ വളർച്ചയുടെ ബഹുഭൂരിപക്ഷവും (ഏകദേശം 97 ശതമാനം) കുടിയേറ്റം മൂലമാണ്. ട്രൂഡോയും അദേഹത്തിന്റെ സർക്കാരും സേവനങ്ങളും താമസ സൗകര്യങ്ങളും വർധിപ്പിക്കാതെ കുടിയേറ്റം വർദ്ധിപ്പിക്കുകയാണെന്ന് വിമർശനമുണ്ട്.
തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 6.4 ശതമാനമായി വർധിച്ചു. രാജ്യത്തുടനീളം 14 ലക്ഷം ആളുകൾക്ക് ജോലിയില്ല. വിദേശ തൊഴിലാളികളുടെയും അഭയാർഥികളുടെയും എണ്ണം വർധിക്കുന്നത് മൂലം പൊതു സേവനങ്ങളിലടക്കം സമ്മർദ്ദം വർധിക്കുന്നുവെന്നും ഇത് തദ്ദേശീയരുടെ എതിർപ്പിന് ഇടയാക്കുന്നതായും റിപ്പോർട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ട്രൂഡോ സർക്കാർ ഇപ്പോൾ നയമാറ്റവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേകളിൽ ട്രൂഡോ പിന്നിലാണ്.
കാനഡയുടെ പുതിയ നയം ഇന്ത്യൻ വിദ്യാർഥികളെ എങ്ങനെ ബാധിക്കും?
ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കാനഡ. കഴിഞ്ഞ മാസം ഇന്ത്യൻ ഗവൺമെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 13.35 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് വിദേശത്ത് പഠിക്കുന്നത്. ഇതിൽ ഏകദേശം 4.27 ലക്ഷം കാനഡയിലാണ് .
2013 നും 2022 നും ഇടയിൽ കാനഡയിലേക്ക് പഠിക്കാൻ പോയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 260 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ആദ്യം റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കാനഡയിലെ വിദേശ വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.