കൊച്ചി: സംസ്ഥാനത്ത് ഇന്‍സുലിന്‍ പേന ഉപയോഗിച്ച് കുത്തിവെക്കുന്നതിന് ഇന്‍സുലിന്‍ അടക്കം ചെയ്ത കാട്രിജ് കിട്ടാനില്ല. രണ്ട് മാസമായി ഇന്‍സുലിന്‍ പേനയില്‍ ഉപയോഗിക്കുന്ന മരുന്നിന് ക്ഷാമം തുടങ്ങിയിട്ട്. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇപ്പോള്‍ മരുന്ന് കിട്ടാക്കനിയാണ്.
സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്ന മരുന്ന് ഇതില്‍ ഉപയോഗിക്കാനും കഴിയില്ല. അളവ് കൃത്യമായിരിക്കുമെന്നതിനാല്‍ തന്നെ പ്രമേഹ രോഗികളില്‍ ഒട്ടേറെപ്പേര്‍ ഇന്‍സുലിന്‍ പേന തന്നെയാണ് ഉപയോഗിക്കുന്നത്. ഏറെ പ്രചാരത്തിലുള്ള ഹ്യൂമന്‍ മിക്സ്റ്റാര്‍ഡ് എന്ന ബ്രാന്‍ഡാണ് കിട്ടാത്തത്. വൊക്കാര്‍ഡ്, ലില്ലി എന്നീ രണ്ട് ബ്രാന്‍ഡിനും ആവശ്യക്കാരേറിയതോടെ മൂന്നിനത്തിനും ക്ഷാമമായി.
മരുന്ന് നിര്‍മിക്കുന്നതിനുളള ഘടകങ്ങള്‍ വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതിയിലുണ്ടായ തടസങ്ങളാണ് ക്ഷാമത്തിനൊരു കാരണം. മരുന്ന് വിതരണക്കമ്പനിയുടെ കാക്കനാട്ടുള്ള യാര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നവും കാരണമായി പറയുന്നുണ്ട്.
വൃക്കരോഗികള്‍ക്ക് വീട്ടില്‍ത്തന്നെ സ്വയം ഡയാലിസിസ് സാധ്യമാക്കുന്ന പെരിട്ടോണിയല്‍ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട് ഒന്നര മാസമായി. ആവശ്യമായ ഫ്ളൂയിഡ് ബാഗുകളും അനുബന്ധ ഉപകരണങ്ങളും ഒരുമിച്ച് ജില്ലാ ആശുപത്രികളില്‍ നിന്ന് സൗജന്യമായി നല്‍കുന്നതായിരുന്നു പദ്ധതി. വിതരണം ചെയ്തിരുന്ന കമ്പനിക്ക് ഏഴേ കോടിയോളം രൂപ കുടിശികയായതോടെയാണ് മരുന്ന് നല്‍കാതെ ആയത്. സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നെന്ന കാരണത്താല്‍ ദാരിദ്ര്യ രേഖയ്‌ക്കേ താഴെയുള്ള രോഗികള്‍ക്ക് മാത്രമായി സൗജന്യ മരുന്ന് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്.
അതേസമയം നിയന്ത്രണം വന്നാല്‍ സൗജന്യമായി മരുന്ന് ലഭിച്ചിരുന്നവരില്‍ പകുതിയോളം പേര്‍ക്കും ഇനി കിട്ടില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരെ സാമ്പത്തിക ശേഷി അനുസരിച്ച് രണ്ടായി തിരിക്കാന്‍ ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്ന് സംഭരണത്തിനായി ഒരുകോടിയോളം രൂപ ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ മുഖേന നല്‍കിയിട്ടുണ്ടെങ്കിലും കുടിശിക തീര്‍ക്കാതെ മരുന്നു നല്‍കാന്‍ കമ്പനികള്‍ തയ്യാറല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.