മോസ്‌കോ: യമനിലെ വിമത സായുധ സംഘമായ ഹൂതികള്‍ക്ക് അത്യാധുനിക മിസൈലുകള്‍ നല്‍കാന്‍ റഷ്യ. ഇറാന്റെ ഇടനിലയില്‍ നടന്ന രഹസ്യ ചര്‍ച്ചയിലാണ് തീരുമാനം. ഇതിനെതിരെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
സോവിയറ്റ് നിര്‍മിത സൂപ്പര്‍ സോണിക് മിസൈലുകളായ യാക്കോന്റ് ആണ് ഹൂതികള്‍ സ്വന്തമാക്കാനൊരുങ്ങുന്നത്. മാരക പ്രഹര ശേഷിയുള്ള ഈ ഭൂതല മിസൈലുകളെ പി 800 ഓനിക്സ് എന്നും അറിയപ്പെടുന്നു.
ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാകും പുതിയ ആയുധ ഇടപാട്. ഗാസ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേല്‍ കപ്പലുകളെയും ഇസ്രയേലിലേക്കുള്ള ചരക്ക് കപ്പലുകളെയും ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം ആരംഭിച്ചത്. പിന്നീട് അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ പല മുന്‍നിര രാജ്യങ്ങളുടെയും ചരക്ക് കപ്പലുകള്‍ക്ക് നേരേ ഹൂതികള്‍ ആക്രമണം അഴിച്ചു വിട്ടു.
എന്നാല്‍ ഹൂതികള്‍ക്കുള്ള മിസൈല്‍ ഇടപാടുമായി ബന്ധപ്പെട്ട് റഷ്യ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കഴിഞ്ഞ ജൂലൈയില്‍ തന്നെ ഹൂതികള്‍ക്ക് മിസൈല്‍ നല്‍കാന്‍ റഷ്യ ആലോചിച്ചിരുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ആുധങ്ങള്‍ നല്‍കാനും നീക്കമുണ്ടായിരുന്നു.
എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലിനെ തുടര്‍ന്നു നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ഇറാനാണ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതെന്ന വിവരം ഇതാദ്യമായാണ് പുറത്തു വരുന്നത്.
ഈ വര്‍ഷം രണ്ട് തവണ ഹൂതികളും റഷ്യന്‍ പ്രതിനിധികളും ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായാണ് വിവരം. മിസൈല്‍ കൈമാറ്റം തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചയെന്ന് 'ഇറാന്‍ ഇന്റര്‍നാഷനല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 300 കിലോ മീറ്റര്‍ ദൂരം വരെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് ഹൂതികള്‍ക്ക് കൈമാറാന്‍ ആലോചന നടക്കുന്നത്.
ഇസ്രയേലിന്റെ ലബനാന്‍ ആക്രമണ പശ്ചാത്തലത്തില്‍ ആയുധ ഇടപാടിന് കൂടുതല്‍ പ്രാധാന്യമേറുകയാണ്. റഷ്യ ഹൂതികള്‍ക്ക് യാക്കോന്റ് മിസൈലുകള്‍ നല്‍കിയാല്‍ അത് മേഖലയിലെ സുരക്ഷയെ ഒന്നാകെ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര ബാലിസ്റ്റിക് മിസൈല്‍ വിദഗ്ധനായ ഫാബിയന്‍ ഹിന്‍സ് വ്യക്തമാക്കുന്നത്.
ഹൂതികള്‍ ഇതുവരെ ഉപയോഗിച്ച മിസൈലുകളെക്കാള്‍ പ്രഹര ശേഷിയുള്ളതാണ് പി-800. എന്നാല്‍, പശ്ചിമേഷ്യയിലെ യു.എസ് നിരീക്ഷണം കടന്ന് എങ്ങനെ മിസൈലുകള്‍ ഹൂതികള്‍ക്ക് കൈമാറാനാകുമെന്നാണ് ഹിന്‍സ് സംശയമുയര്‍ത്തുന്നത്. ഇതിനു പുറമെ മിസൈലുകള്‍ ഉപയോഗിക്കാനുള്ള പരിശീലനവും സംഘത്തിന് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ഹൂതി ഭീഷണിയില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ചെങ്കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം സ്തംഭിച്ചതോടെ അന്താരാഷ്ട്ര വ്യാപാര രംഗത്ത് ശതകോടികളുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെങ്കടല്‍ പാത ഒഴിവാക്കി കിലോ മീറ്ററുകള്‍ ചുറ്റിത്തിരിഞ്ഞാണ് ഇപ്പോള്‍ കപ്പലുകള്‍ ഇസ്രയേലിലെത്തുന്നത്.
ഇതോടെ ഉപരോധം മറ്റ് സമുദ്രപാതകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഹൂതികള്‍. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ചരക്ക് ഗതാഗതത്തിനെതിരെയും ഹൂതികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അദാനി, അബാനി കമ്പനികളെ ഉള്‍പ്പെടെ ഇതു വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.