സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം; ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം; ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ച വിജയം കണ്ടില്ല. പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി. ഭരണകക്ഷി യുവജനസംഘടനയായ ഡിവൈഎഫ്‌ഐ ഇടപെടല്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സമരം തുടരാന്‍ സമരക്കാര്‍ തീരുമാനിച്ചത്.

ഇന്നലെ രാത്രി 11.30ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ഡിവൈഎഫ്‌ഐ പ്രതിനിധികളും റാങ്ക് ഹോള്‍ഡേഴ്‌സ് സമരസമിതി നേതാക്കളും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായില്ല. ചര്‍ച്ച 1.15 വരെ തുടര്‍ന്നു. സമരക്കാരെ പ്രതിനിധീകരിച്ച്‌ നാല് പേരാണ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ചര്‍ച്ചയ്ക്ക് പോയത്.

സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നാലെണ്ണം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കി എഴുതി നല്‍കി. പ്രമോഷന്‍ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നതടക്കമുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച അലസിയത്. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഒന്നിലും ഉറപ്പ് നല്‍കിയില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

പുതിയ തസ്തിക സൃഷ്ടിച്ച്‌ സര്‍ക്കാര്‍ നിയമനം ത്വരിതപ്പെടുത്തുമെന്ന് രേഖാമൂലം അറിയിപ്പു കിട്ടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരക്കാര്‍ അറിയിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഇടത് പക്ഷത്തിന് വലിയ തലവേദന സൃഷ്ടിച്ചതോടെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇടപെട്ടത്.

സമരം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച്‌ നേരത്തെ ഇടത് പക്ഷത്തെ മുതിര്‍ന്ന നേതാക്കളായ മന്ത്രി തോമസ് ഐസക്കിനെപ്പോലുള്ളവര്‍ രംഗത്തുവന്നിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതൃത്വം റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയുമായെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.