ഹാരിപോര്‍ട്ടറിലെ പ്രൊഫസര്‍ ഇനിയില്ല; ഓസ്‌കര്‍ ജേതാവ് മാഗി സ്മിത്ത് വിടവാങ്ങി

ഹാരിപോര്‍ട്ടറിലെ പ്രൊഫസര്‍ ഇനിയില്ല; ഓസ്‌കര്‍ ജേതാവ് മാഗി സ്മിത്ത് വിടവാങ്ങി

ലണ്ടന്‍: എഴുപത് വര്‍ഷത്തോളം ബ്രിട്ടീഷ് നാടക, ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന ഓസ്‌കര്‍ ജേതാവും ഹാരിപോര്‍ട്ടര്‍ സീരീസ് താരവുമായ മാഗി സ്മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

മരണവിവരം മക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് ആണ്‍മക്കളും അഞ്ച് പേരക്കുട്ടികളും അടങ്ങുന്നതായിരുന്നു മാഗിയുടെ കുടുംബം.

1934ലായിരുന്നു ജനനം. നാടകത്തിലൂടെയാണ് മാഗി സ്മിത്തിന്റെ കരിയറിന്റെ തുടക്കം.

ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ അവര്‍ ബാഫ്ത, എമ്മി പുരസ്‌കാരങ്ങളും നേടി. ജനപ്രിയ ചലച്ചിത്രപരമ്പരയായ ഹാരിപോട്ടറില്‍ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗല്‍ എന്ന മന്ത്രവാദിനിയെ അവതരിപ്പിച്ചതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സുപരിചിതയായി.

ബ്രിട്ടീഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ 'ഡൗണ്ടണ്‍ ആബി'യിലെ ഡോവേജര്‍ കൗണ്ടസ് ഓഫ് ഗ്രാന്ഥം എന്ന കഥാപാത്രവും ശ്രദ്ധേയമായി.

പഠനകാലത്തുതന്നെ ഓക്‌സ്ഫോഡ് പ്ലേഹൗസ് നാടകവേദിയുടെ ഭാഗമായി. അമ്പതുകളുടെ അവസാനം ചലച്ചിത്രലോകത്തെത്തി. ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി(1968)യിലൂടെ മികച്ച നടിക്കും കാലിഫോര്‍ണിയ സ്യൂട്ട് (1978) എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുമുള്ള ഓസ്‌കര്‍ നേടി. 1990ല്‍ എലിസബത്ത് രാജ്ഞി പ്രഭ്വി പദവി നല്‍കി ആദരിച്ചു.

2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എല്ലാ ഹാരിപോര്‍ട്ടര്‍ സീരീസുകളിലും അവര്‍ അഭിനയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.