വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലോറിയുടമ മനാഫ്; ഇന്ന് പൊതുവേദിയില്‍ പ്രതികരിക്കും

 വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലോറിയുടമ മനാഫ്; ഇന്ന് പൊതുവേദിയില്‍ പ്രതികരിക്കും

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ലോറിയുടമ മനാഫ് ഇന്ന് പൊതുപരിപാടിയില്‍ പങ്കെടുക്കും. കോഴിക്കോട് മുക്കത്തെ ഒരു സ്‌കൂളില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. രാവിലെ പത്തിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചെന്നും തന്റെ യൂട്യൂബ് ചാനലില്‍ കാഴ്ച്ചക്കാരെ കൂട്ടാന്‍ ലോറിയുടമ സഹതാപത്തിലൂടെ ശ്രമിച്ചെന്നുമാണ് കുടുംബം ആരോപിച്ചത്. പരിപാടിയില്‍ മനാഫ് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കോഴിക്കോട്ടെ വീട്ടില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് അര്‍ജുന്റെ കുടുംബം മനാഫിനെതിരെയും മുങ്ങല്‍വിദഗ്ദ്ധന്‍ ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെയും രംഗത്തെത്തിയത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് പറഞ്ഞുപരത്തുന്നത് തെറ്റാണെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന്‍ വ്യക്തമാക്കി. ചില വ്യക്തികള്‍ വൈകാരികമായി ചൂഷണം ചെയ്യുന്നുവെന്നും സൈബര്‍ ആക്രമണം നേരിടുന്നുവെന്നും കുടുംബം അറിയിച്ചു.

കുടുംബത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നുമാണ് ലോറിയുടമ പറഞ്ഞത്. കുടുംബം ഇത്തരത്തില്‍ ആരോപിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മനാഫ് പ്രതികരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.