ഹരിയാന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല; ഇവിഎമ്മില്‍ സംശയം: പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്

ഹരിയാന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല; ഇവിഎമ്മില്‍ സംശയം: പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്

99 ശതമാനം ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളില്‍ ബിജെപി വിജയിച്ചു. 60 മുതല്‍ 70 ശതമാനം വരെ ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളില്‍ കോണ്‍ഗ്രസും. ഇതില്‍ കൃത്രിമം സംശയിക്കുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി.

ന്യൂഡല്‍ഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇവിഎം അട്ടിമറി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതാണെന്നും അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വിജയം ഇവിഎം ഉപയോഗിച്ച് അട്ടിമറിച്ചെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. മൂന്ന് ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഹരിയാനയിലെ വിജയം ബിജെപി അട്ടിമറിച്ചതാണെന്നും മാറ്റത്തിന് വേണ്ടിയുള്ള ജനവികാരത്തിനെതിരാണെന്നും ജയറാം രമേശ് ആരോപിച്ചു. ഇത് കൃത്രിമത്വത്തിന്റെ വിജയമാണെന്നും ജനാധിപത്യത്തിനെതിരായ നടപടിയാണെന്നും ജയറാം രമേശും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

99 ശതമാനം ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളില്‍ ബിജെപി വിജയിച്ചു. 60 മുതല്‍ 70 ശതമാനം വരെ ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളില്‍ കോണ്‍ഗ്രസും. ഇതില്‍ കൃത്രിമം സംശയിക്കുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി അപ്രതീക്ഷിത വിജയമാണ് നേടിയത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ വളരെ പിന്നില്‍ നിന്ന ശേഷമായിരുന്നു ബിജെപിയുടെ ഗംഭീര തിരിച്ചു വരവ്. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി അധികാരം നേടുന്നത്.

90 അംഗ നിയമസഭയില്‍ 48 സീറ്റില്‍ ബിജെപിയും 37 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ അഞ്ച് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. പത്ത് സീറ്റുകളിലെ ഫലം സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.

ഡല്‍ഹിക്കും പഞ്ചാബിനും പുറമെ ഹരിയാനയിലും ശക്തി പരീക്ഷിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് കാലിടറി. ഒരിടത്തും എഎപിക്ക് വിജയിക്കാനായില്ല. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഗ്രാമീണ മേഖലയില്‍ മുന്നേറിയ കോണ്‍ഗ്രസിന്, പക്ഷെ നഗര മേഖലയിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ അടി തെറ്റി.

മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നായബ് സിങ് സൈനി ലാഡ് വ മണ്ഡലത്തില്‍ 36,613 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് തകര്‍പ്പന്‍ ജയം നേടി. രാഷ്ട്രീയ ഗോദയിലെ കന്നി മത്സരത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6015 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.