രത്തന്‍ ടാറ്റയുടെ സംസ്‌കാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ; ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും

രത്തന്‍ ടാറ്റയുടെ സംസ്‌കാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ; ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും

മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭൗതിക ശരീരം അദേഹത്തിന്റെ വസതിയില്‍ നിന്ന് വിലാപയാത്രയായി നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിങ് ആര്‍ട്‌സിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാല് വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും.
സംസ്‌കാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ പാഴ്‌സി ആചാര പ്രകാരമായിരിക്കും നടക്കുക. ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.

പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി നിലവില്‍ മുംബൈയിലെ എന്‍സിപിഎ ഗ്രൗണ്ടിലുള്ള പാര്‍സി ശ്മശാനത്തിലേക്ക് കൊണ്ടുവരും. 200 ഓളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രാര്‍ത്ഥനാ ഹാളിലായിരിക്കും മൃതദേഹം ആദ്യം വയ്ക്കുക. 45 മിനിറ്റോളം പ്രാര്‍ത്ഥനാ ശുശ്രൂഷ നടക്കും. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.

അന്തിമോപചാരം അര്‍പ്പിക്കാനായി മുകേഷ് അംബാനി, അനന്ദ് അംബാനി, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി, ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ കുമാര്‍ മംഗലം ബിര്‍ല, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, വ്യവസായികളായ ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര, ബാബ രാംദേവ് അടക്കമുള്ള പ്രമുഖര്‍ എത്തും.
ഇന്നലെ മരണ വിവരം അറിഞ്ഞയുടന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ദീപക് കേസാര്‍കര്‍, മുകേഷ് അംബാനി അടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി മുബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യത്തിന്റെ അവശതകള്‍ കാരണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.