ജീവനറ്റ് നവീന്‍ ബാബു ജന്മനാട്ടിലേക്ക്: മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; കണ്ണൂര്‍ കോര്‍പറേഷനിലും മലയാലപ്പുഴയിലും ഇന്ന് ഹര്‍ത്താല്‍

ജീവനറ്റ് നവീന്‍ ബാബു ജന്മനാട്ടിലേക്ക്: മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; കണ്ണൂര്‍ കോര്‍പറേഷനിലും മലയാലപ്പുഴയിലും ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെയാണ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയത്. രാത്രി രണ്ടരയോടെ കുടുംബം മലയാലപ്പുഴയിലേക്ക് തിരിച്ചു.

ഇന്ന് പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംസ്‌കാരം. പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനമുണ്ടാവും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണി വരെയാകും ഹര്‍ത്താല്‍. ഹോട്ടലുകള്‍, മറ്റ് അവശ്യ സേവനങ്ങള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെയും അവശ്യസേവനങ്ങളെ ഒഴിവാക്കി രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

യാത്രയയ്പ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തന്‍ എന്ന സംരഭകന് പെട്രോള്‍ പമ്പ് നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ വിമര്‍ശനം. സംഭവത്തില്‍ ദിവ്യയ്ക്കും പ്രശാന്തനുമെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം പരാതി നല്‍കി.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പി.പി ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായ ഭീഷണി, പ്രശാന്തനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചന എന്നിവയില്‍ അന്വേഷണം വേണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ സിറ്റി പൊലീസ്, കണ്ണൂര്‍ എസ്.പി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

ചൊവ്വാഴ്ച രാവിലെയോടെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ യാത്രയയ്പ്പിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ പത്തനംതിട്ടയില്‍ എത്തുമെന്നായിരുന്നു കുടുംബത്തിന് ലഭിച്ച വിവരം. മലബാര്‍ എക്സ്പ്രസ് ട്രെയിനിലെത്തുന്ന നവീനെ കാത്ത് ഭാര്യയും രണ്ട് പെണ്‍മക്കളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.