നോമ്പിലേക്കുള്ള വാതായനങ്ങൾ തുറക്കാൻ വിഭൂതി തിരുന്നാൾ വന്നെത്തി

നോമ്പിലേക്കുള്ള വാതായനങ്ങൾ തുറക്കാൻ വിഭൂതി തിരുന്നാൾ വന്നെത്തി

"മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ ഒരിക്കൽ മടങ്ങും" എന്ന ഓർമ പുതുക്കിക്കൊണ്ട് ആണ് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന കുരിശുവര പെരുന്നാൾ (വിഭൂതി തിരുനാൾ) കടന്നുവരുന്നത്.

ആദ്യകാലങ്ങളിൽ പശ്ചാതാപത്തിന്റെ പ്രതീകമായി ചാരം ഉപയോഗിച്ചിരുന്നു. പിന്നീട് പത്താം നൂറ്റാണ്ടിൻറെ അവസാനത്തോടെ പരസ്യമായി പാപമോചനം നൽകുവാനുള്ള ആധികാരിക അനുഷ്ഠാന ഘടകമായി ഇത് മാറി. അതിനുശേഷമാണ് അനുതാപജനിതമായ ഒരു നോമ്പ് കാലത്തിൻറെ തുടക്കം കുറിക്കുവാനുള്ള ദിവസമായി കുരിശുവര പെരുന്നാൾ രൂപം പ്രാപിച്ചത്.

മാനസാന്തരത്തിലും പ്രാർത്ഥനയിലും ഓരോ വ്യക്തിയുടെയും ഹൃദയത്തെ കേന്ദ്രീകരിച്ചുകൊണ്ട് കുമ്പസാരത്തിലൂടെയും വിഭൂതി തിരുനാൾ നോയമ്പിന്റെ ആരംഭം രേഖപ്പെടുത്തുന്നു.അനുതാപം, ഉപവാസം, പ്രതിഫലനം, ആഘോഷം ഇതെല്ലാം ഉൾകൊള്ളുന്ന 40 ദിവസങ്ങളാണ് നോമ്പുകാലം. ഈ 40 ദിവസങ്ങൾ ക്രിസ്തു മരുഭൂമിയിൽ നേരിട്ട പരീക്ഷണങ്ങളെയും അവൻറെ ഉപവാസത്തെയും പ്രതിനിധീകരിക്കുന്നു.

വിഭൂതി അണിഞ്ഞുകൊണ്ട് ഞങ്ങളുടെ പാപങ്ങളിൽ ഞങ്ങൾ ഖേദിക്കുന്നു എന്നും ഞങ്ങളുടെ തെറ്റുകൾ തിരുത്തുവാനും ഹൃദയത്തെ ശുദ്ധീകരിക്കുവാനും ആഗ്രഹങ്ങൾ നിയന്ത്രിക്കുവാനും വിശുദ്ധിയിൽ വളരുവാനും സാധിക്കട്ടെ എന്നും ഓരോ വിശ്വാസിയും പ്രാർത്ഥിക്കുന്നു. കൂടാതെ നമ്മുടെ സ്വന്തം മരണത്തിലും പാപത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ വിശ്വാസികൾക്ക് വിശുദ്ധിയിൽ നോമ്പ് കാലത്തേക്ക് പ്രവേശിക്കാൻ കഴിയുന്നു.

എല്ലാ പൗരസ്ത്യ ക്രൈസ്തവ വിഭാഗക്കാരും അവരവരുടെ പാരമ്പര്യം അനുസരിച്ച് ആചാരക്രമങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ ആഹ്വാനം ചെയ്തതനുസരിച്ച് സീറോ മലബാർ സഭ "ക്ഷാര ബുധൻ" പകരം "ക്ഷാര തിങ്കൾ" ആചരിക്കാൻ തുടങ്ങി. വിഭൂതി തിരുനാളിന് മുമ്പുള്ള ഞായറാഴ്ച പേത്തുർത്തയോടു കൂടി വലിയനോമ്പിന്റെ ഒരുക്കങ്ങൾ ആരംഭിക്കുന്നു.

പേത്തുർത്ത മുതൽ ഈസ്റ്റർ വരെയുള്ളത് 50 ദിവസങ്ങൾ ആയതിനാലാണ് കേരള കത്തോലിക്കർക്ക് 50 ദിവസത്തെ നോമ്പ് ഉണ്ടായത്. എന്നാൽ ലത്തീൻ സഭയുടെ രീതിയനുസരിച്ച് നോമ്പിന്റെ വ്രത കാലം 40 ദിവസങ്ങളാണ്. ക്ഷാര ബുധൻ മുതലുള്ള ആഴ്ചയിൽ നാലു ദിവസവും പിന്നീടുള്ള ആറ് ആഴ്ചകളിൽ ആറു ദിവസവും വീതം 36 ദിവസങ്ങൾ കൂടി മൊത്തം 40 ദിവസത്തെ നോമ്പാണ് ഇവർക്കുള്ളത്. - ചിഞ്ചു വി ജെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.