സുഡാനിലെ സംഘർഷത്തിന് ശമനമില്ല; ഒരുകോടിയിലധികം ജനങ്ങൾ കുടിയിറങ്ങാൻ നിർബന്ധിതരായെന്ന് ഐക്യരാഷ്ട്ര സംഘടന

സുഡാനിലെ സംഘർഷത്തിന് ശമനമില്ല; ഒരുകോടിയിലധികം ജനങ്ങൾ കുടിയിറങ്ങാൻ നിർബന്ധിതരായെന്ന് ഐക്യരാഷ്ട്ര സംഘടന

ഖാർത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനിൽ തുടരുന്ന കടുത്ത സംഘർഷങ്ങൾ മൂലം ദുരിതം അനുഭവിക്കുകയാണ് ജനം. രാജ്യത്തെ സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് സുഡാനിലെ ജനങ്ങളെ കടുത്ത ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിട്ടത്.

സംഘർഷങ്ങൾ മൂലം രാജ്യത്തിനകത്തും പുറത്തുമായി ഒരുകോടി പത്തുലക്ഷം ജനങ്ങൾ കുടിയിറങ്ങാൻ നിർബന്ധിതരായെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമനിധി യൂണിസെഫും, അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഉന്നത കമ്മീഷനും കഴിഞ്ഞ ദിവസം സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലാണ് ഈ ആഫ്രിക്കൻ രാജ്യം കടന്ന് പോകുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് അറിയിച്ചത്.

രാജ്യത്ത് നിലവിലെ അവസ്ഥയിൽ ഏതാണ്ട് ഒരുകോടി മുപ്പത് ലക്ഷം ആളുകളാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നത്. ഇതിന് പുറമെ രാജ്യത്ത് കുട്ടികളും സ്ത്രീകളും കടുത്ത ചൂഷണങ്ങൾ നേരിടുന്നുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി.

സുഡാനിലെ സംഘർഷങ്ങളും അനുബന്ധ പ്രതിസന്ധികളും കാരണം അഞ്ച് വയസിൽ താഴെയുള്ള മുപ്പത്തിയേഴ് ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സംഘടനകൾ അറിയിച്ചു.
രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ചയും, കുട്ടികളുടെ പരിതസ്ഥിതിയും കണക്കിലെടുത്ത്, നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുവാനായി അന്താരാഷ്ട്ര സമൂഹം മുന്നോട്ടിറങ്ങണമെന്നും സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്നവർ എത്രയും വേഗം അതവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭാ സംഘടനകൾ അഭ്യർത്ഥിച്ചു.

ലോകത്തുതന്നെ ഏറ്റവും കൂടുതൽ ആളുകൾ കുടിയിറക്കഭീഷണിയിലൂടെ കടന്നുപോകുന്നവയിൽപ്പെട്ട ഒരു രാജ്യമാണ് സുഡാൻ. രാജ്യത്തിനുള്ളിൽ ഒരു കോടിയോളം ജനങ്ങളാണ് കുടിയിറക്കപ്പെട്ടിട്ടുള്ളത്. എട്ടുലക്ഷം സുഡാൻ പൗരന്മാർ അയൽ രാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.