കൊച്ചി : വഖഫ് നിയമത്തിന്റെ കുരുക്കില്‍പെട്ട മുനമ്പം - കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിനായി തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്. തീരദേശ ജനങ്ങളുടെ സ്വന്തം മണ്ണിൽ ജീവിക്കുന്നതിനടക്കമുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകൾ രംഗത്തെത്തി. മുനമ്പം ജനത സ്വന്തം മണ്ണിലെ നിലനിൽപ്പിന് വേണ്ടി നടത്തുന്ന സഹന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാസ ഇന്നലെ നിരാഹാര സത്യാഗ്രഹ വേദിയിലെത്തി. നിരവധി ആളുകൾ പങ്കാളികളായി.
മുനമ്പത്തെ കടപ്പുറം ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആന്റണി വാലുങ്കൽ നടത്തുന്ന ഐക്യദാർഡ്യ വാഹന റാലി നാളെ നടക്കും. വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്ന് പള്ളിപ്പുറം കടപ്പുറം പള്ളിയിലേക്ക് രാവിലെ 10 മണിക്കാണ് റാലി. സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനു വേണ്ടി പോരാടുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂർ അതിരൂപതയും നാളെ മുനമ്പം സന്ദർശിക്കും. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നേതൃത്വം നൽകും
‘മുനമ്പം ഇരകളും പറയും രാഷ്‌ട്രീയം’
വഖഫ് വിഷയത്തിൽ ഇടത് വലത് മുന്നണികള് കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ ദീപികയും രംഗത്തെത്തി. ‘മുനമ്പം ഇരകളും പറയും രാഷ്‌ട്രീയം’ എന്ന തലക്കെട്ടൊടെ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശനം.
” വഖഫ് അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന മുനമ്പം ഇരകളെ ഇരു മുന്നണികളും പിന്നിൽ നിന്ന് കുത്തി. മുനമ്പത്ത് നീതി നടപ്പാക്കും എന്ന് പറഞ്ഞവർ തിരുവനന്തപുരത്തെത്തി വഖഫിൽ തൊടരുതെന്ന് പ്രമേയം പാസാക്കി. ശരിയത്ത് വാഴ്ച ഉറപ്പാക്കുന്ന വഖഫ് നിയമം നെഞ്ചോടു ചേർത്തുവച്ചുകൊണ്ട് അതിന്റെ ഇരകളെ രക്ഷിക്കാമെന്നു വ്യാമോഹിപ്പിക്കുന്ന ചതി കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു.
മുനമ്പത്തെ കണ്ണീർ ഏതാനും കൂടുംബങ്ങളുടേതു മാത്രമല്ല, ഈ രാജ്യത്തു പലയിടത്തും സംഭവിച്ചുകഴിഞ്ഞ ദുരന്തത്തിന്റെ മലയാള പാഠമാണ്. മുനന്പത്തെ മനുഷ്യർ തനിച്ചാകില്ല. കോൺഗ്രസിന്റെ നരസിംഹറാവു രാജ്യത്തെ ജനങ്ങൾക്ക് മേൽ കെട്ടിവെച്ച ശാപമാണ് വഖഫ്. വഖഫ് എന്ന വേതാളത്തെ തോളിലിട്ടുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ഇരകളെ ആശ്വസിപ്പിക്കുന്നത്. ഈയൊരൊറ്റ കാര്യത്തിൽ മാത്രം കോൺഗ്രസിനോട് ഇടതുപക്ഷത്തിന് എതിർപ്പില്ല. ഇടതും വലതും ഈ നിലപാടുമായി മുന്നോട്ടു പോയാൽ ഇരകൾ അവരുടെ രാഷ്‌ട്രീയ നിലപാടും മാറ്റും. ബിജെപിക്ക് ഒപ്പം നിൽക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് രണ്ടു മുന്നണികളുമെന്നും”- മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം: മാര്‍ തോമസ് തറയില്‍
വഖഫ് നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്ന് മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചങ്ങനാശേരി നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. വഖഫ് നിയമങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന മുനമ്പം പ്രദേശങ്ങളിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടന്ന ക്ലബ്ഹൗസ് ചര്‍ച്ചക്കിടെയായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രസ്താവന.
നിയമസഭയില്‍ ഭരണ, പ്രതിപക്ഷഭേദമന്യേ നിയമം പാസാക്കി. അവര്‍ ഇതിനെ ഒരു ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നമായി കാണുന്നില്ല. വോട്ട്ബാങ്ക് നിലനിര്‍ത്തേണ്ടതിന് മനുഷ്യാവകാശങ്ങളും മാനുഷിക പരിഗണനകളും അവര്‍ വിസ്മരിക്കുന്നു. ഓരോ വ്യക്തിക്കും അവകാശപ്പെട്ട സ്ഥലത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു. ചെറായി മുനമ്പം പ്രദേശം വഖഫിന്റേതല്ല, അത് വഖഫ് ഭൂമിയല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ജനങ്ങളോടു കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളും നയങ്ങളും സങ്കടകരമാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുനമ്പം ജനതയോട് നിലപാട് പറയണം: കത്തോലിക്ക കോണ്‍ഗ്രസ്
ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുനമ്പം ജനതയോട് നിലപാട് പറയാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. വഖഫ് വിഷയത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന മുനമ്പം നിവാസികളെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഭാരവാഹികള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരത്തില്‍ പങ്കുചേര്‍ന്നു.
വഖഫ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി അനിവാര്യവും സ്വാഗതാര്‍ഹവുമാണ്. ഈ അനീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ ഇരുമുന്നണികളും തങ്ങളുടെ നിലപാട് അറിയിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. മുനമ്പം പ്രദേശത്തെ പ്രശ്‌നങ്ങളില്‍ താത്കാലിക ഒത്തുതീര്‍പ്പ് ഉണ്ടായാലും ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ നിയമ ഭേദഗതി അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.