ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമെനി (85) ഗുരുതര രോഗബാധിതനാണെന്ന് അമേരിക്കന്‍ മാധ്യമമായ 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ റിപ്പോര്‍ട്ട്. അനാരോഗ്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ, ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാവും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ഖമെനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) സാധ്യത കല്‍പിക്കുന്നത്.
ഗുരുതരമായൊരു രോഗത്തിന്റെ പിടിയിലാണ് ഖമെനിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖമെനിയുടെ കാലശേഷം പുതിയ പരമാധികാരിയെ തിരഞ്ഞെടുക്കുന്നതില്‍ സേനാവിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ നിലപാടും നിര്‍ണായകമാകും.
കഴിഞ്ഞ കുറെ മാസങ്ങളായി ഇറാന്റെ ഭരണ സംവിധാനം ദുര്‍ബലമായിരിക്കുകയാണ്. ഇതിന് പ്രധാന കാരണം ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി വിമാനപകടത്തില്‍ കൊല്ലപ്പെട്ടതാണ്. കഴിഞ്ഞ മെയിലായിരുന്നു അപകടം. ഖമെനിയുടെ മാനസപുത്രനായി കണക്കാക്കിയിരുന്നയാളായിരുന്നു റെയ്സി. റെയ്‌സിയുടെ മരണത്തോടെ ഇറാനില്‍ അധികാര വടംവലി തുടങ്ങി.
ഇറാനില്‍ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത് പരമോന്നത നേതാവാണ്. ആ നിലയില്‍ ഖമെനിയുടെ പിന്‍ഗാമി ആരാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവാണ് ഇപ്പോള്‍ 85-കാരനായ ആയത്തൊള്ള അലി ഖമെനി. ഇസ്രയേലിനെതിരെ ഹമാസും ഹിസ്ബുള്ളയും അഴിച്ചുവിടുന്ന ആക്രമണങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്ന നേതാവാണ് ഖമെനി. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ സാഹചര്യം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന നേതാവിന്റെ ആരോഗ്യം ക്ഷയിച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.