രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ സ്വകാര്യവൽക്കരിക്കേണ്ട നാല് ബാങ്കുകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിക്കഴിഞ്ഞതായും നീക്കം വിജയിച്ചാല്‍ എസ്ബിഐ ഒഴികെയുള്ള ബാങ്കുകള്‍ പൂര്‍ണമായി സ്വകാര്യവത്കരിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

രണ്ടാം നിര ബാങ്കുകളായ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇപ്പോഴുള്ളത്. ഇതില്‍ രണ്ട് ബാങ്കിന്റെ സ്വകാര്യവല്‍ക്കരണം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന. പരീക്ഷണം വിജയിച്ചാല്‍ ഇടത്തരം ബങ്കുകള്‍ക്ക് പിന്നാലെ വലിയ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും നടപ്പാക്കുമെന്ന് ധനകാര്യമന്ത്രാലയത്തിന്റെ വൃത്തങ്ങളെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട്.

സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോവാന്‍ പ്രധാനമന്ത്രി നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ജീവനക്കാരുടേയും യൂണിയനുകളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് മന്ദഗതിയിലാവുകയായിരുന്നു. തൊഴില്‍ സുരക്ഷിതത്വമടക്കം പ്രശ്നങ്ങളാണ് പ്രതിഷേധക്കാ‍ര്‍ ഉയ‍ര്‍ത്തിക്കാണിക്കുന്നത്.

യൂണിയനുകളുടെ കണക്കുപ്രകാരം, ബാങ്ക് ഓഫ് ഇന്ത്യയില്‍ 50,000 ജീവനക്കാരും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 30,000 പേരും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 26,000പേരും ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 13,000 ജീവനക്കാരുമാണ് ഉള്ളത്. ഇതില്‍ ജീവനക്കാര്‍ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ആദ്യം സ്വകാര്യവല്‍ക്കരിക്കാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.