'മുനമ്പം ഭൂമി വഖഫ് അല്ല': കാരണങ്ങള്‍ വിശദമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍; നിരാഹാര സമരം ഇന്ന് 23-ാം ദിവസത്തിലേക്ക്

 'മുനമ്പം ഭൂമി വഖഫ് അല്ല': കാരണങ്ങള്‍ വിശദമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍; നിരാഹാര സമരം ഇന്ന് 23-ാം ദിവസത്തിലേക്ക്

കൊച്ചി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുക?

രണ്ട്, നിശ്ചിത കാര്യത്തിന് വേണ്ടി ഉപയോഗിച്ചില്ലെങ്കില്‍ ഈ ഭൂമി തിരിച്ചു നല്‍കണമെന്ന് കരാറില്‍ പറയുന്നുണ്ട്. വഖഫ് ആകുമ്പോള്‍ ഒരിക്കലും നിബന്ധനകള്‍ വെക്കില്ല. നിബന്ധനകള്‍ വെച്ചാല്‍ അത് വഖഫ് അല്ല.

മൂന്നാമത്തെ കാര്യം ഫറൂഖ് കോളജ് മാനേജ്മെന്റ് ഇവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. പണം വാങ്ങിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

പ്രശ്നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. വിഷയത്തെ വര്‍ഗീയവല്‍കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

അതേസമയം ഭൂമി പ്രശ്നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം ഇന്ന് 23-ാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. അവകാശം പുനസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്നും സമര സമിതി വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 614 കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്.

വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.