നിസംഗത വെടിഞ്ഞ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭ

നിസംഗത വെടിഞ്ഞ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  സീറോ മലബാര്‍ സഭ

മുനമ്പം നിരാഹാര സമര പന്തലില്‍ പ്രദേശവാസികളെ അഭിസംബോധന ചെയ്ത് സീറോ മലബാര്‍ സഭയുടെ പിആര്‍ഒ ഫാ. ഡോ. ആന്റണി വടക്കേകര വി.സി സംസാരിക്കുന്നു.

കൊച്ചി: വില കൊടുത്തു വാങ്ങി തങ്ങളുടെ പേരില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചു വരുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭ.

കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോ മലബാര്‍ സഭയുടെ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി ആവശ്യപ്പെട്ടു.

മുനമ്പത്തെ നിരാഹാര സമര പന്തലിലെത്തി സമരക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തില്‍ പ്രദേശവാസികളുടെ ആശങ്കകളകറ്റുന്ന മനുഷ്യത്വപരവും ശാശ്വതവുമായ പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാകണമെന്നും ഫാ. വടക്കേകര ആവശ്യപ്പെട്ടു.

മുനമ്പത്തെ തീരദേശവാസികളുടെ നീതിക്ക് വേണ്ടിയുള്ള നിലവിളി കേള്‍ക്കാനും അവരുടെ ന്യായമായ അവകാശങ്ങള്‍ പുനസ്ഥാപിച്ചു നല്‍കാനും ഒരു നിയമവും തടസമാകരുത്. കേരളത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്നതും അനാവശ്യമായ സ്പര്‍ധയിലേക്കു നയിക്കുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ നേതൃത്വവും ജാഗ്രത പുലര്‍ത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സത്വരവും രമ്യവുമായ പ്രശ്‌ന പരിഹാരത്തിനായി മുന്നിട്ടിറങ്ങണമെന്നും ഫാ. ആന്റണി വടക്കേകര പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്നം ഉടന്‍ പരിഹരിക്കണം: മാതൃവേദി


കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദി ആവശ്യപ്പെട്ടു. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് വലിച്ചിഴക്കാതെ നിയമപരമായും വസ്തുതാപരമായും ഈ വിഷയം പരിഹരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ മുന്‍കൈയെടുക്കണം.

വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകള്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തെ മാത്രമല്ല സമൂഹ ജീവിത സ്വസ്ഥതയെ തകര്‍ക്കും.

ഏത് പരിതസ്ഥിതിയിലും ശക്തമായി മതസൗഹാര്‍ദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്.  സാധാരണകാരന്റെ പ്രത്യേകിച്ചും സമൂഹത്തിന്റെ താഴെ തട്ടില്‍ ക്ലേശത അനുഭവിക്കുന്നവരുടെ രോദനങ്ങള്‍ക്ക് മുന്നില്‍ കണ്ണും കാതുമടച്ച് അന്ധകാര ശൂന്യത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭരണ നേതൃത്വത്തിലുള്ളവര്‍ കണ്ണും മനസ്സും തുറന്ന് പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് ഗ്ലോബല്‍ മാതൃവേദി ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.