ന്യൂഡല്‍ഹി: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ അറിയിച്ചു. നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കാനഡയുടെ പുതിയ പ്രതികാര നടപടി.
വിദ്യാഭ്യാസത്തിനായി കാനഡയില്‍ എത്തിയവര്‍ക്കാണ് പുതിയ നടപടി തിരിച്ചടിയായിരിക്കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ കാലതാമസം വരാതിരിക്കാന്‍ എസ്.ഡി.എസ് പദ്ധതി ഗുണം ചെയ്തിരുന്നു. അപേക്ഷിച്ച് 20 ദിവസത്തിനകം രേഖകള്‍ പരിശോധിച്ച് അപേക്ഷകള്‍ അംഗീകരിച്ചിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്.ഡി.എസ്. ഇന്ത്യ, ചൈന എന്നിവിടങ്ങള്‍ ഉള്‍പ്പടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് 2018 ലാണ് കാനഡ ഈ പദ്ധതി ആവിഷ്‌കരിച്ചത്.
കനേഡിയന്‍ ഗ്യാരന്റീസ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ഉണ്ടെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ വിസ നല്‍കുന്നതായിരുന്നു പദ്ധതി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം പേരും എസ്ഡിഎസ് വിസയിലാണ് കാനഡയിലെത്തിയിരുന്നത്.
അതോടൊപ്പം 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്‍ത്തലാക്കി. ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ എല്ലാവര്‍ക്കും ഇത് ലഭിക്കില്ല. വിസ അനുവദിക്കുന്ന ഇമിഗ്രേഷന്‍ ഓഫിസര്‍ക്ക് കാലാവധി, എന്‍ട്രി എന്നിവയെല്ലാം തീരുമാനിക്കാം. വിനോദസഞ്ചാര വിസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലും വിസ ചട്ടങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയേക്കും എന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.