തൃശൂര്‍: സാഗര്‍ രൂപതയുടെ മുന്‍ ബിഷപ് മാര്‍ ജോസഫ് നീലങ്കാവില്‍ (91) കാലം ചെയ്തു. രാവിലെ കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
സാഗര്‍ രൂപതയിൽ നിന്ന് വിരമിച്ച ശേഷം 2006 മുതല്‍ തൃശൂര്‍ കുറ്റൂരിലെ സാഗര്‍ മിഷന് ഹോമില്‍ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജര്‍മന്‍, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നീ ഭാഷകളിൽ വിദഗ്ധനാണ് അദ്ദേഹം.
1930 മാര്‍ച്ച് 19ന് തൃശൂര്‍ അതിരൂപതയിലെ അരണാട്ടുകര ഇടവകയിലെ ലാസര്‍ നീലങ്കാവിലിന്റെയും കുഞ്ഞനം പാലത്തിങ്കലിന്റെയും മകനായി ജനിച്ചു.
1960 മെയ് 17 ന് ബാംഗ്ലൂർ ധര്‍മാരാം ചാപ്പലില്‍ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തൃശൂര്‍ രൂപതയിലെ സോഷ്യല്‍ ആക്ഷന്‍ അസിസ്റ്റന്റ് ഡയറക്ടറായി ആദ്യ നിയമനം. കാത്തലിക് ലേബര്‍ അസോസിയേഷന്റെ ഡയറക്ടറായിരുന്നു. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സഭാ നിയമത്തില്‍ അദ്ദേഹം ഡോക്ടറേറ്റ് നേടി. സിഎംഐ സന്യാസ സമൂഹത്തിന്റെ ജനറല്‍ മിഷന് കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃശൂര്‍ രൂപത മെത്രാനായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് മെത്രാഭിഷേകം സ്വീകരിച്ച അദ്ദേഹം 1987 ഫെബ്രുവരി 22 ന് സാഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി. 19 കൊല്ലം സാഗര്‍ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി രണ്ടിന് വിശ്രമ ജീവിതത്തിലേക്കു പ്രവേശിച്ചു.
അദ്ദേഹത്തിന്റെ നാലു സഹോദരിമാരില്‍ രണ്ടു പേര് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍മാരാണ്. ആത്മകഥയായ 'ദൈവമേ അങ്ങെന്നെ ഉയര്‍ത്തി' അടക്കം നിരവധി ഗ്രന്ഥങ്ങള്‍ മാര്‍ ജോസഫ് നീലങ്കാവില്‍ രചിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.