കണ്ണൂര്‍: ആത്മകഥ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. വിവാദവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്.
ഇ.പി ജയരാജന്റേതെന്ന പേരില്‍ ആത്മകഥ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയതായി കോട്ടയം എസ്.പി ഷാഹുല്‍ ഹമീദ് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ജയരാജന്റെ മൊഴി രേഖപ്പെടുത്തുമെന്നും എസ്പി അറിയിച്ചിരുന്നു.
വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഈ.പി ജയരാജനും ഡി.സി ബുക്‌സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനുള്ള കരാറിനെ സംബന്ധിച്ച് ഡി.സി ബുക്‌സിലെ രണ്ട് ജീവനക്കാരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന മൊഴിയാണ് ഈ ജീവനക്കാര്‍ നല്‍കിയതെന്നാണ് വിവരം. രവി ഡി.സിയില്‍ നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണം തേടാനാണ് പൊലീസ് തീരുമാനം.
പുസ്തകത്തിന്റെ 178 പേജുകളുടെ പി.ഡി.എഫ് ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ഇ.പി ജയരാജന്‍ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം. അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ജയരാജന്‍ പ്രതികരിച്ചിരുന്നു. പി.ഡി.എഫ് ചോര്‍ന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.