പാലക്കാട്: ഏറെ ശ്രദ്ധേയമായ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് തിളക്കമാര്‍ന്ന വിജയം. 18,724 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ ഗംഭീര വിജയം.
നേരത്തെ തന്നെ ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് വ്യാപകമായി കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ ആക്ഷേപമുയര്‍ന്നിരുന്നു. രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പി സരിന്‍ പാര്‍ട്ടി വിട്ടത് വിവാദമായിരുന്നു. ഡിസിസിക്ക് താല്‍പ്പര്യമുള്ളയാള്‍ കെ മുരളീധരനാണെന്നുള്ള കത്തും ഇതിനിടെ പുറത്തു വന്നിരുന്നു. പിന്നീട് നീലപ്പെട്ടി ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ മണ്ഡലത്തിലുണ്ടായി.
പോസ്റ്റല്‍ വോട്ടുകളിലും ആദ്യ മണിക്കൂറുകളിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്. ബിജെപി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുലിന്റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗര മേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു.
എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലേക്കാണ് ബിജെപി വോട്ടുകള്‍ ചോര്‍ന്നത്. ഇതിനൊപ്പം തന്നെ കോണ്‍ഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാര്‍ഥിയായ പി. സരിനെയും രാഹുല്‍ നിഷ്പ്രഭനാക്കി. സരിന്‍ നേടിയതിന്റെ ഇരട്ടിയോളം വോട്ടുകള്‍ നേടിയാണ് വിജയം എന്നതും ശ്രദ്ധേയമാണ്.
പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയര്‍ന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുല്‍ കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളുടെ മുന്‍തൂക്കവും പിരായിരിയില്‍ നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.