വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

ചെന്നൈ: വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റില്‍.

ചെന്നൈ അന്തര്‍ദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് തൃശൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദികനെന്ന് വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നും പണം തട്ടിയത്. കേരളത്തിലും പുറത്തും വൈദികനാണെന്നാണ് ജേക്കബ് തോമസ് പറഞ്ഞിരുന്നത്.

ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. ഇത് കൂടാതെ നാഗ്പൂരിലും കേസ് ഉണ്ട്. ഇന്ത്യയില്‍ ബീഹാര്‍, ഹരിയാന, തമിഴ്‌നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ പത്തനംതിട്ട കൂടല്‍ സ്വദേശിയാണ്.

വര്‍ഷങ്ങളായി നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ജേക്കബ് തോമസ് കന്യാകുമാരി തക്കലയില്‍ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്. സുവിശേഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ ആഡംബര കാറുകളിലാണ് സഞ്ചരിക്കാറുള്ളത്.

പലര്‍ക്കും 60 മുതല്‍ 80 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടുവെന്നാണ് പരാതി. ബിഷപ്പാണന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റര്‍ പോള്‍ ഗ്ലാഡ്‌സനെയും പാസ്റ്റര്‍മാരായ വിജയകുമാര്‍, അനുസാമുവല്‍ എന്നിവരേയും ജേക്കബ് തോമസിന്റെ മകന്‍ റെയ്‌നാര്‍ഡിനേയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

കൃത്യത്തിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാന്‍ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജേക്കബ് തോമസിന് തൃശൂര്‍ സിജെഎം കോടതിയുടെ അറസ്റ്റ് വാറണ്ട് ഉണ്ട്. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.