ശ്രീനിവാസന്‍ വധക്കേസ്: പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് സുപ്രീം കോടതി

ശ്രീനിവാസന്‍ വധക്കേസ്:  പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി. ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യത്തിനെതിരെ എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു.

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ. ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ ഒമ്പത് പ്രതികള്‍ ഒഴികെ 17 പേര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍.

കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാല്‍ 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നാണ് സുപ്രീം കോടതി നിരീക്ഷണം.

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രീതി. ഇതിനായി തയ്യാറാക്കിയ പട്ടികയില്‍ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

ഭീകര പ്രവര്‍ത്തനം നടത്താന്‍ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യുഎപിഎയുടെ പരിധിയില്‍ വരുമെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

അതേ സമയം ഇതുവരെ ജാമ്യം ലഭിക്കാത ജയിലില്‍ കഴിയുന്ന പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് പ്രതികളായ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി.

പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ജാമ്യ ഹര്‍ജി തള്ളിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.