വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം; ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി കഴിയുന്നതെല്ലാം ചെയ്യും: പ്രിയങ്ക ഗാന്ധി

വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം; ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി കഴിയുന്നതെല്ലാം ചെയ്യും: പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ട്. ഇന്നാരംഭിച്ച പര്യടനം നാളെയും തുടരും. നാളെ വൈകുന്നേരം അവര്‍ ഡല്‍ഹിക്ക് മടങ്ങും.

വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പാര്‍ലമെന്റിലുള്ളതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ താന്‍ ഉയര്‍ത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമായിരിക്കും. നിങ്ങള്‍ എന്തു നല്‍കിയോ അതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നുവെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു.

ബിജെപിയുടെ പെരുമാറ്റത്തില്‍ യാതൊരുവിധ രാഷ്ട്രീയ മര്യാദയുമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അടിസ്ഥാനപരമായ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. നമ്മുടെ പോരാട്ടം രാജ്യത്തെ നിലനിര്‍ത്തുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്ക് വേണ്ടിയാണ്.

'വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയാം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോരാടും. ജനങ്ങള്‍ക്ക് ഏത് സമയത്തും അവരുടെ പ്രശ്‌നങ്ങളുമായി എന്റെയടുത്ത് വരാം'- പ്രിയങ്ക പറഞ്ഞു.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക മണ്ഡല പര്യടന വേളയില്‍ വ്യക്തമാക്കി.

ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തില്‍ നിന്ന് നമ്മുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ദുരന്ത ബാധിതരെ സഹായിക്കാന്‍ നാട് മുഴുവന്‍ ഒരുമിച്ച് നിന്നത് രാജ്യം മുഴുവന്‍ നോക്കി പഠിക്കേണ്ടതാണ്.

ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികള്‍ പോലും വയനാട്ടിലേക്ക് വരാന്‍ മടിക്കുന്നു. നമ്മുക്ക് അത് മാറ്റിയെടുക്കണം. വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.