പട്ടാള നിയമത്തിന് ശ്രമിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പുറത്തേക്ക്; യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തു

പട്ടാള നിയമത്തിന് ശ്രമിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പുറത്തേക്ക്; യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തു

സോള്‍: ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ നീക്കം നടത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങള്‍ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരേ വോട്ട് ചെയ്തു.

സോളില്‍ നടന്ന ദേശീയ അസംബ്ലി പ്ലീനറി സെഷനിലാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള വോട്ടെടുപ്പ് നടന്നത്. 300 നിയമനിര്‍മ്മാതാക്കളില്‍ 204 പേര്‍ കലാപം ആരോപിച്ച് ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എട്ട് വോട്ടുകള്‍ അസാധുവായി.

ഡിസംബര്‍ മൂന്നിനാണ് പട്ടാള നിയമം ചുമത്താന്‍ യൂന്‍ ശ്രമം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പട്ടാളനിയമം ആറു മണിക്കൂറിനകം പിന്‍വലിച്ചിരുന്നു.

തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂന്‍ അടിയന്തരാവസ്ഥ സൃഷ്ടിച്ചെന്ന് അംസബ്ലി ആരോപിച്ചു. യൂനിന്റെ പ്രസിഡന്റ് അധികാരങ്ങളും ചുമതലകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു, പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. യൂനിനെതിരായ ഇംപീച്ച്മെന്റ് ശരിവയ്ക്കണമോ എന്ന് 180 ദിവസത്തിനുള്ളില്‍ ഭരണഘടനാ കോടതി വ്യക്തമാക്കും. യൂനിനെതിരെ കോടതി വിധി പറഞ്ഞാല്‍, ദക്ഷിണ കൊറിയന്‍ ചരിത്രത്തില്‍ വിജയകരമായി ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം മാറും.

പ്രതിപക്ഷ പാര്‍ട്ടികളും വിദഗ്ധരും ഇത് യൂന്‍ സംഘടിപ്പിക്കുന്ന കലാപമാണെന്ന് ആരോപിച്ചു. ഉത്തരകൊറിയയ്ക്കുള്ള ആഭ്യന്തര രാഷ്ട്രീയ പിന്തുണ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയാണ് തന്റെ തീരുമാനത്തിന് കാരണമായി പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഈ നീക്കത്തിനു പിന്നാലെ വലിയ പ്രതിഷേധമാണ് ദക്ഷിണ കൊറിയയില്‍ ഉണ്ടായത്.

അതേസമയം, രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ ബുധനാഴ്ച തടങ്കല്‍ കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അടിവസ്ത്രം ഉപയോഗിച്ചാണ് തടങ്കല്‍ കേന്ദ്രത്തില്‍ കിം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജ്യത്ത് പട്ടാളനിയമം ഏര്‍പ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചതായി ആരോപിച്ചാണ് കിം യോങ് ഹ്യുനിനെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.