സഭാ തര്‍ക്കം: ശവസംസ്‌കാര നടപടികള്‍ സെമിത്തേരി നിയമപ്രകാരമെന്ന് ഓര്‍ത്തഡോക്സ് സഭ

സഭാ തര്‍ക്കം: ശവസംസ്‌കാര നടപടികള്‍ സെമിത്തേരി നിയമപ്രകാരമെന്ന് ഓര്‍ത്തഡോക്സ് സഭ

ന്യൂഡല്‍ഹി: മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര നടപടികള്‍ നടത്തുന്നത് കേരളാ നിയമസഭാ പാസാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.

പള്ളികള്‍ക്കോ, സെമിത്തേരികള്‍ക്കോ പുറത്ത് വച്ച് ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നവര്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ ചടങ്ങുകള്‍ നടത്താമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളുടെ സെമിത്തേരികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങള്‍ ഉപയോഗിക്കുന്നതിന് 1934 ലെ സഭ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉറപ്പ് എഴുതി നല്‍കാന്‍ സുപ്രീം കോടതി മലങ്കര ഓര്‍ത്തോഡോക്‌സ് സഭയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളിലെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത് സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

സെമിത്തേരി നിയമത്തിന്റെ മൂന്ന്, ആറ് വകുപ്പുകള്‍ പ്രകാരം സംസ്‌കാര നടപടികള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് വിശദീകരിച്ചിട്ടുണ്ട്. 2020 ലെ സെമിത്തേരി നിയമത്തിന്റെയും 1934 ലെ സഭാ ഭരണഘടന പ്രകാരവും, പള്ളികളിലെ വികാരികള്‍ ശവസംസ്‌കാര രജിസ്ട്രി സൂക്ഷിക്കണം. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ വികാരിയെ സമീപിച്ച് മരിച്ചവരുടെ വിശദാംശങ്ങള്‍, മരണ കാരണം, എന്നിവ കൈമാറുമ്പോള്‍ അവ രജിസ്ട്രിയില്‍ രേഖപെടുത്താറുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാ വ്യക്തമാക്കി.

മലങ്കര സഭയ്ക്ക് കീഴിലുള്ള സെമിത്തേരികള്‍ ഉപയോഗിക്കുന്നതിന് 1934 ലെ സഭ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവോടെ യാക്കോബായ സഭ വൈദികര്‍ക്ക് പള്ളി സെമിത്തേരികളില്‍ ശവസംസ്‌കാര ശുശ്രൂഷ ചടങ്ങുകള്‍ നടത്താന്‍ അവസരം ഒരുങ്ങുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഓര്‍ത്തഡോക്സ് സഭയ്ക്ക് കീഴിയില്‍ ഉള്ള സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയിലെ പൊതു സൗകര്യങ്ങള്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്‍പ്പടെ ആര്‍ക്കും ഉപയോഗിക്കാമെന്നും ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

മലങ്കര സഭയുടെ കീഴിലുള്ള സ്‌കൂളുകളിലെ ഭരണ നിര്‍വഹണം കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതിനാല്‍ ആ സ്ഥാപനങ്ങളിലെ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ 1934 ലെ മലങ്കര സഭാ ഭരണഘടന അംഗീകരിക്കണമെന്ന പ്രതിജ്ഞ നിര്‍ബന്ധമാക്കുന്ന വിഷയം ഉയരുന്നില്ലെന്നും ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ വ്യക്തമാക്കി. 1934 ലെ ഭരണഘടന അംഗീകരിക്കാത്തതിന്റെ പേരില്‍ സ്‌കൂളുകളില്‍ ഒരാള്‍ക്കും അഡ്മിഷന്‍ നിഷേധിച്ചതായി പരാതിയില്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

1934 ലെ ഭരണഘടന അംഗീകരിക്കാത്തതിന്റെ പേരില്‍ മലങ്കര സഭയ്ക്ക് കീഴിയിലുള്ള ആശുപത്രികളില്‍ ആര്‍ക്കും ചികത്സ നിഷേധിക്കില്ല. മതവിശ്വാസം, ജാതി, എന്നിവയുടെ പേരില്‍ ആശുപത്രികളില്‍ ആര്‍ക്കും ചികത്സ നിഷേധിക്കില്ല എന്നും ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. 1934 ലെ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ നിഷ്‌കര്‍ഷിക്കാതെ ആശുപത്രികളില്‍ പലര്‍ക്കും സൗജന്യ ചികിത്സ നല്‍കുന്നുണ്ട് എന്നും അദേഹം കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.