ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ പാര്‍ലമെന്റില്‍ എത്തില്ല; എംപിമാര്‍ക്ക് നല്‍കിയ കാര്യപരിപാടിയില്‍ ബില്ല് അവതരണം ഇല്ല

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ പാര്‍ലമെന്റില്‍ എത്തില്ല; എംപിമാര്‍ക്ക് നല്‍കിയ കാര്യപരിപാടിയില്‍ ബില്ല് അവതരണം ഇല്ല

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം പാസാക്കിയ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ എന്ന് സഭയിലെത്തുമെന്ന ചോദ്യം ഉയരുന്നു.

കാര്യപരിപാടിയുടെ പട്ടികയില്‍ ബില്ല് ലിസ്റ്റ് ചെയ്യാതിരുന്നതോടെ നാളെ ബില്ല് അവതരണം ഉണ്ടാകില്ലെന്ന് ഉറപ്പായി. എംപിമാര്‍ക്ക് നല്‍കിയ കാര്യപരിപാടികളുടെ പട്ടികയില്‍ കരട് ബില്ല് അവതരണമില്ല.

നേരത്തെ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയില്‍ 13, 14 ഇനങ്ങളായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം ഉള്‍പ്പെടുത്തിയിരുന്നു. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരവും നല്‍കിയിരുന്നു.

ഭരണഘടന അനുച്ഛേദം 83, 172 എന്നിവ ഭേദഗതി ചെയ്തുള്ള ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്.

2034 മുതല്‍ ലോകസഭ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും, പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം.

ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന് കരട് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ ശക്തമായി പ്രതിപക്ഷം എതിര്‍ക്കാനുള്ള കാരണമായി.

കരട് ബില്ല് പാര്‍ലമെന്റില്‍ എത്തിയാലും പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ബില്ല് പാസാക്കിയെടുക്കുക കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളിയാണ്.

കഴിഞ്ഞ തവണത്തേത്ത് പോലെ മൃഗീയ ഭൂരിപക്ഷമില്ലാത്ത ബിജെപി സര്‍ക്കാരിന് ഒറ്റയ്ക്ക് പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയെടുക്കാനാവില്ല. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണമെന്നിരിക്കെ ഭരണകക്ഷിയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല.

എന്‍ഡിഎ മുന്നണിക്കും ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം വേണമെന്നിരിക്കെ ഏകപക്ഷീയ സാധ്യതകള്‍ മോഡി സര്‍ക്കാരിന് മുന്നിലില്ല. പാര്‍ലമെന്റില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിപക്ഷ തിരസ്‌കാരത്തിനും സാധ്യതയുള്ള ബില്ലാണ് വരാനിരിക്കുന്നതെന്ന് വ്യക്തം.

സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതിനാല്‍ നിയമസഭയുടെ കാലാവധി വെട്ടിച്ചുരുക്കാനുള്ള തീരുമാനം അംഗീകരിപ്പിക്കല്‍ കൂടി മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഉടനടി സഭയിലേക്ക് ബില്ലെത്തിക്കാത്തതെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.