ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാളിലേക്കുള്ള ഒരുക്കത്തിന്റെ ദിനങ്ങളാണ് നോമ്പുകാലം. മിശിഹായുടെ പീഡാനുഭവത്തോടു ചേർന്ന്, സഹനവഴികളിലൂടെ ജീവിതത്തെ സമർപ്പിച്ച് ഈശോയോടൊപ്പം കറമാറിയ പുതിയ മനുഷ്യരായി ഉയിർക്കാനുള്ള വിശുദ്ധീകരണത്തിന്റെ ദിനങ്ങൾ. നോമ്പിന്റെ ഈ നല്ല നാളുകളിൽ മഡഗാസ്ക്കറിൽ നിന്നുള്ള മനസ് നനയ്ക്കുന്ന, കുളിർമ്മയേകുന്ന, നിർമ്മലമായ ഒരനുഭവം പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.
മഡഗാസ്ക്കർ ഒരു ദ്വീപാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കു കിഴക്കൻ തീരപ്രദേശമാണത്. അവിടെ 20 ശതമാനത്തോളം ക്രിസ്ത്യൻ സമൂഹമാണ്. മഡഗാസ്ക്കറിന്റെ വിസ്തൃതിയുടെ 63 ശതമാനത്തോളം ഗ്രാമപ്രദേശവും 37 ശതമാനത്തോളം നഗരവുമാണ്. ഗ്രാമപ്രദേശത്തെ ജനങ്ങളുടെ അവസ്ഥ വളരെ ദയനീയവും ദുരിതം നിറഞ്ഞതുമാണ്.
മഡഗാസ്ക്കറിലെ ഒരു ഗ്രാമപ്രദേശമാണ് തസ്നായി. അവിടെ വർഷങ്ങളായി ദൈവ ശുശ്രൂഷ ചെയ്യുകയാണ് മലയാളിയായ ഫാ. ജോൺസൺ താളയത്ത് സി.എം.ഐ. അവിടുത്തെ രണ്ടു ഗ്രാമങ്ങളിൽ വിശുദ്ധ കുർബാനയർപ്പിക്കാൻ അച്ചൻ ദിവസവും വരുന്ന ഒരു കാഴ്ചയുണ്ട്. യാത്രാ സൗകര്യങ്ങൾ പരിമിതമായ അവിടേക്കു പ്രദേശവാസിയും മതാധ്യാപകനുമായ ഗബ്രിയേലുമൊത്തു ഈശോയെ അവിടുത്തെ ജനങ്ങളിലേക്ക് പകരാൻ അച്ചന്റെ പ്രയാണമുണ്ട്. ‘പ്രതീക്ഷയുടെ പ്രകാശം പരത്തുന്ന പ്രയാണം’.
കാടും തോടും വെള്ളവും ചെളിയും കല്ലുമെല്ലാം നിറഞ്ഞ ഇടനാഴികളിലൂടെ അച്ചനും ഗബ്രിയേലും സഹായത്തിനെത്തിയ കുട്ടികളുമായി നടന്നു നീങ്ങുകയാണ്. ഏകദേശം 25 കി.മീ അകലെയുള്ള പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ച് അവിടുത്തെ സഹോദരരുടെ മനസിൽ മിശിഹാനുഭവം പകരാൻ അവർ ദിവസവും നടക്കുകയാണ് തളരാതെ. ദൈവജനത്തെ വഴി കാട്ടാൻ, പണ്ടു മോശ നടന്നതുപോലെ. കാരുണ്യത്തിന്റെ കരം പിടിക്കുകയാണവർ.
രാവിലെ ആറ് മണിക്ക് ജോൺസണച്ചൻ യാത്ര തിരിക്കുന്നു. ഏകദേശം 25 കിലോമീറ്റർ അകലെയുള്ള രണ്ടു ഗ്രാമങ്ങളിൽ ഈശോയെ അനുഭവവേദ്യമാക്കാനുള്ള പരിശ്രമം. പുറപ്പെട്ടപ്പോൾ തന്നെ അറിയുവാൻ സാധിച്ചു യാത്ര പോവുന്ന വഴിയിൽ കുറേ കൊള്ളക്കാർ കാളകളെ കടത്തിക്കൊണ്ടുപോയെന്ന്. കാളകളുടെ കുളമ്പടിപ്പാടുകളും പുറകേ കാളകളെ തിരഞ്ഞിറങ്ങിയവരുടെ അടയാളങ്ങളും വഴിയിൽ കാണാമായിരുന്നു. അതിരാവിലെ നല്ല മഴയുണ്ടായിരുന്നു. മഴ തോർന്ന വഴികളിലൂടെ ചെളിയും വെള്ളവും താണ്ടി അവർ യാത്ര തുടർന്നു.
ഏകദേശം 11കി.മീ പിന്നിടുമ്പോൾ അഞ്ചമൈച്ചി എന്ന ഗ്രാമത്തിലെത്തും. ഒന്നു വിശ്രമിച്ചു ക്ഷീണമകറ്റി യാത്ര തുടരാം എന്ന് പറഞ്ഞ അച്ഛനോട്, കാവൽമാലാഖയെപ്പോലെ കൂട്ടിനുണ്ടായിരുന്ന 74 വയസ്സോളം പ്രായമുള്ള ഗബ്രിയേൽ പറഞ്ഞു "വേണ്ട അച്ചോ വിശ്രമിച്ചാൽ ക്ഷീണം കൂടും, നമുക്കു യാത്ര തുടരാം".അതു കേട്ടപ്പോൾ അച്ചന്റെ മനസോന്നു വിഷമിച്ചെങ്കിലും നല്ലവരായ അഞ്ചമൈച്ചി ഗ്രാമക്കാർ പ്രഭാത ഭക്ഷണത്തിനായി ക്ഷണിച്ചതിനാൽ അൽപ്പമൊന്നിരിക്കാൻ സമയം കിട്ടി.
തനതാവോ ഗ്രാമത്തിൽ നിന്നും ഏതാനും കുട്ടികൾ അവരെ കൂട്ടിക്കൊണ്ടു പോകുവാൻ വന്നിരുന്നു. മനസ്സു തളിർത്ത അനുഭവമായിരുന്നു ആ കുഞ്ഞുങ്ങളെ കണ്ടപ്പോഴുണ്ടായത്. ഇനിയുള്ള യാത്ര കുറച്ചു കഠിനമാണ്. കാരണം യാത്ര വെള്ളത്തിൽ കൂടിയാണ്. വർഷകാലമായതിനാൽ വഴിയും തോടുമെല്ലാം ഒരേപോലെ വെള്ളത്താൽ നിറഞ്ഞിരുന്നു. അങ്ങനെ മുന്നോട്ടു പോകുമ്പോൾ കാണാം മറ്റു ചില കുട്ടികളെ, പ്രതികൂല സാഹചര്യങ്ങളാൽ സ്ക്കൂൾ ജീവിതം നഷ്ടമായ കുരുന്നുകൾ. നില മുഴുതുകയാണവർ. വെള്ളിയും ശനിയും ഞായറുമെല്ലാം ഒരുപോലെയാണവർക്ക്. നടന്നു നീങ്ങുന്ന വഴിയോരത്തൊരു സർക്കാർ വിദ്യാലയമുണ്ട്. കെട്ടിടം കാണുമ്പോൾ തന്നെ മനസ്സിലാവും അവിടുത്തെ പഠന നിലവാരം.
നമ്മുടെയൊക്കെ പഴയകാല ഗ്രാമീണ ഗ്രന്ഥശാലകൾക്കു സമാനമായ കൂരകൾ. ഗ്രാമത്തിലെത്തിയപ്പോൾ കൈയ്യടികളോടെയും ആർപ്പുവിളികളോടേയും അവർ സ്വീകരിച്ചു. മെഹാബൂബിൽ നിന്നും നടന്നു ചെല്ലുകയാണല്ലോ. അവരുടെ സന്തോഷം കണ്ടപ്പോൾ തന്നെ മനസുനിറഞ്ഞു. ക്ഷീണമകന്നു. രണ്ടു മണിക്കൂറിനുള്ളിൽ കുമ്പസാരവും കുർബാനയും കഴിഞ്ഞവർ തിരിച്ചു നടന്നു.
സാധാരണ മഴക്കാലങ്ങളിൽ വഴികൾ മോശമാകാറുള്ളതു കൊണ്ടു ഗ്രാമങ്ങളിൽ കുർബാനക്കു പോകാറില്ലായിരുന്നു. ഇത്തവണ നോമ്പുകാലം കൂടിയായതിനാൽ വിശുദ്ധവാരത്തേക്കു അവരെ ഒരുക്കാൻ എന്തുതന്നെ വന്നാലും ദിവസവും നടന്നു അവരോടൊപ്പം കുർബാനയർപ്പിക്കാൻ തീരുമാനിച്ചു. നടന്നവർ മുന്നോട്ടു നീങ്ങി. അടുത്ത കുർബാന അഞ്ചമൈച്ചി ഗ്രാമത്തിലാണ്. ഉച്ചയ്ക്കു ഏകദേശം 12:45 ന് അവിടെയെത്തി കുർബാനയാരംഭിക്കാൻ സാധിച്ചു. അച്ചനൊപ്പം സഹായത്തിനെത്തിയ ഗബ്രിയേൽ അഞ്ചമൈച്ചി ഗ്രാമക്കാരനാണ്.
24 വർഷം മുൻപ് ഇതേ പള്ളിയിൽ കുർബാനയർപ്പിക്കാൻ അച്ചൻ എത്തിയപ്പോൾ ഗബ്രിയേൽ തന്നെയായിരുന്നു അവിടുത്തെ മതാധ്യാപകൻ. തിരിച്ചു പോകുമ്പോൾ അച്ചൻ പറഞ്ഞു 'ഇനി മെഹാബൂബിലേക്കു ഞങ്ങളെ കൊണ്ടു വിടുവാൻ വരേണ്ടതില്ല, ഞങ്ങൾ തനിയേ പോയിക്കൊള്ളാം. എന്നാൽ 74 വയസുള്ള ഗബ്രിയേൽ പറഞ്ഞ വാക്കുകൾ അച്ചനു പ്രചോദനവും ഊർജ്ജവും പകർന്നു. "പറ്റില്ല കള്ളൻമാർ ഉള്ള വഴിയാണ്, ഞാൻ കൂടെ തന്നെയുണ്ടാവും". "ഞങ്ങൾ 25 കി.മി അവർക്കായി നടന്നപ്പോൾ ഗബ്രിയേൽ 50 കിലോമീറ്ററാണ് ഞങ്ങൾക്ക് സംരക്ഷണമേകാനായി നടന്നു നീങ്ങിയത്. അദേഹത്തിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും തണലിൽ ഞങ്ങളുടെ വിഷമങ്ങൾ വിസ്മരിക്കപ്പെട്ടു.
" അച്ചൻ പറഞ്ഞു. ഈശോ നമ്മെ വീണ്ടെടുക്കാൻ തിരഞ്ഞെടുത്ത വഴി പച്ചപരവതാനി വിരിച്ച വിശാലവഴിയായിരുന്നില്ല, അതു മുള്ളുകളും കല്ലുകളും നിറഞ്ഞ ഇടുങ്ങിയ വഴിയായിരുന്നു. ഈ പുണ്യങ്ങളുടെ ദിനങ്ങളിൽ ഏവർക്കും ഹൃദ്യമായ അനുഭവം പകർന്ന, പ്രത്യേകിച്ചും ദുരിതമനുഭവിക്കുന്ന ഒരു സമൂഹത്തെ ചാരത്തു ചേർത്തും അവരിൽ ദൈവീകാനുഭവം നിറച്ച പ്രിയപ്പെട്ട ജോൺസനച്ചനും അച്ചനു കാവൽ മാലാഖയെപ്പോലെ തണലും കരുതലുമായി മാറിയ ഗബ്രിയേലിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങൾ പകർന്ന നന്മയുടെ നാളം കെടാതെ സൂക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. നിങ്ങൾക്കു മുന്നിൽ വിനയത്തോടെ, ആദരവോടെ ഞങ്ങൾ ശിരസു നമിക്കുന്നു.
റ്റോജോമോൻ ജോസഫ്, മരിയാപുരം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.