ക്രിസ്തുമസിന് വിലക്ക് ഏർപ്പെടുത്തി ചില രാജ്യങ്ങൾ ; അനുവാദമില്ലാതെ ആഘോഷിച്ചാൽ ശിക്ഷയും കനത്ത പിഴയും തടവും

ക്രിസ്തുമസിന് വിലക്ക് ഏർപ്പെടുത്തി ചില രാജ്യങ്ങൾ ; അനുവാദമില്ലാതെ ആഘോഷിച്ചാൽ ശിക്ഷയും കനത്ത പിഴയും തടവും

തിരുപ്പിറവിയുടെ സന്ദേശവുമായി ഒരു ക്രിസ്തുമസ് കൂടിയെത്തുന്നു. ഉണ്ണിയേശുവിനെ സ്വീകരിക്കാനൊരുങ്ങുകയാണ് ലോകജനത. പുതുപ്രതീക്ഷയുടെ വെളിച്ചവുമായി നാടും നഗരവും ഉണർന്നു കഴിഞ്ഞു. എന്നാൽ ചില രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷം നിരോധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചാൽ ശിക്ഷയും കനത്ത പിഴ അടക്കേണ്ടിയും വരും. ഒപ്പം വർഷങ്ങളോളം ജയിൽ ശിക്ഷയും അനുഭവിക്കണം. ഇത്തരത്തിൽ ക്രിസ്തുമസ് നിരോധിച്ച ആറു രാജ്യങ്ങൾ ഇവയാണ്.

1. ഉറുഗ്വേ

1919 ൽ ഉറുഗ്വേയിൽ നിയമങ്ങളുടെ മതേതരവൽക്കരണത്തിന്റെ ഭാഗമായി ഔദ്യോഗികമായി ക്രിസ്തുമസ് ആഘോഷിച്ചിരുന്നില്ല. മതേതരവൽക്കരണ പ്രക്രിയ സഭയുടെയും ഭരണകൂടത്തിന്റെയും സ്ഥാപനപരമായ വേർതിരിവ് നേടാൻ ശ്രമിച്ചു. അതിനാൽ, ക്രിസ്തുമസ് ആഘോഷം നിരോധിച്ചതിനുപുറമെ മതപരമായ മറ്റ് അവധികളും റദ്ദാക്കപ്പെട്ടു.

1917 ൽ ഉറുഗ്വേ ഒരു ഭരണഘടന അംഗീകരിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതിന്റെ ആർട്ടിക്കിൾ 5 സഭയെയും സംസ്ഥാനത്തെയും കൃത്യമായി വേർതിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, 1919 ഒക്ടോബർ 23 ന് നടപ്പിലാക്കിയ ഒരു നിയമം, ക്രിസ്തുമസിനെ ‘കുടുംബദിനം’ എന്ന് പുനർനാമകരണം ചെയ്യാനും വിശുദ്ധവാരം ‘ടൂറിസം വീക്ക്’ എന്നാക്കാനും തീരുമാനിച്ചു. മതേതരത്വ പ്രക്രിയയിലെ മറ്റൊരു മാറ്റം മതപരമായ പേരുകളുള്ള നിരവധി പട്ടണങ്ങളുടെ പേരുമാറ്റമാണ്.

ഉറുഗ്വേയിൽ ക്രിസ്തുമസ് ഒരു ഔദ്യോഗിക ആഘോഷമല്ലെങ്കിലും ഡിസംബർ 25 ദേശീയ അവധിയായതിനാൽ ക്രിസ്തുമസ് ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ഉറുഗ്വേക്കാർക്ക് അത് ചെയ്യാം.

2. സൗദി അറേബ്യ

സൗദി അറേബ്യ ഒരു മുസ്ലീം രാജ്യമാണ്. അവിടെ ക്രിസ്ത്യാനികൾക്ക് താൽക്കാലികമായി മാത്രമേ ജോലിയിൽ പ്രവേശിക്കാൻ കഴിയൂ. മാത്രവുമല്ല, തങ്ങളുടെ ക്രൈസ്തവ വിശ്വാസം രഹസ്യമായി മാത്രമേ ആചരിക്കാനും അനുവാദമുള്ളൂ. ഈ നിയന്ത്രണങ്ങൾ ക്രൈസ്തവരെ ലോകത്തിലെ മറ്റു രാജ്യങ്ങളിലെ അതേ സ്വാതന്ത്ര്യത്തോടെ ക്രിസ്തുമസ് ആഘോഷിക്കുന്നതിൽനിന്നും വിലക്കുന്നു. സൗദിയിൽ നിയമം ഉണ്ടെങ്കിലും ക്രിസ്തുമസ് ആഘാഷിക്കുന്നവർക്കെതിരെ ഇതുവരെയും കർശന നടപടികൾ സ്വീകരിച്ചതായി വിവരങ്ങളില്ല.

3. ഉത്തര കൊറിയ

2016 ൽ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ, ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. പകരം, ഉത്തര കൊറിയൻ ഏകാധിപതി തന്റെ മുത്തശ്ശിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആ ദിവസം തിരഞ്ഞെടുത്തു. 1919 ലെ ക്രിസ്തുമസ് രാത്രിയിൽ ജനിച്ചയാളാണ് അദ്ദേഹത്തിന്റെ മുത്തശ്ശി. ഇതാദ്യമായല്ല കിം ജോങ് ഉൻ ക്രിസ്തുമസ് നിരസിക്കുന്നത്. 2014 ൽ ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ ദക്ഷിണ കൊറിയ ഒരു വലിയ ക്രിസ്തുമസ് ട്രീ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അറിഞ്ഞപ്പോൾ അദ്ദേഹം യുദ്ധഭീഷണി മുഴക്കിയിരുന്നു.

4. താജിക്കിസ്ഥാൻ

ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ചിരിക്കുന്ന മറ്റൊരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് താജിക്കിസ്ഥാൻ. 2015 ഡിസംബറിൽ താജിക്കിസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിലോ, സർവകലാശാലകളിലോ ക്രിസ്തുമസ് ട്രീ സ്ഥാപിക്കുന്നത് നിരോധിച്ചു. പിന്നീട് നിരോധനങ്ങൾ വർധിച്ചു. പടക്കം, പ്രത്യേക ഭക്ഷണങ്ങൾ, സമ്മാനങ്ങൾ നൽകൽ, ധനസമാഹരണം എന്നിവയും നിരോധനത്തിൽ ഉൾപ്പെടുത്തി.

5. ബ്രൂണൈ

2014 ഡിസംബറിൽ ബ്രൂണൈയിൽ ക്രിസ്തുമസ് പൊതു ആഘോഷം നിരോധിച്ചു. നിരോധനത്തിനു കാരണമായി പറഞ്ഞത്, ക്രിസ്തുമസ് മുസ്ലീങ്ങളെ തെറ്റിധരിപ്പിക്കുകയും അവരുടെ വിശ്വാസത്തെ തകർക്കുകയും ചെയ്യും എന്നായിരുന്നു. ഈ രാജ്യത്ത്, ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കുന്ന ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും 20,000 ഡോളർ പിഴയും അഞ്ചുവർഷം വരെ തടവുശിക്ഷയും ലഭിക്കും. “ഇസ്ലാമുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം ആഘോഷങ്ങൾ പിന്തുടരാതിരിക്കാൻ മുസ്ലീങ്ങൾ ശ്രദ്ധിക്കണം. ഇത് തസ്യാബുഹിലേക്ക് (അനുകരണം) നയിച്ചേക്കാമെന്നും അറിയാതെ മുസ്ലീങ്ങളുടെ അഖീദയെ (വിശ്വാസം) തകർക്കുമെന്നും ആശങ്കയുണ്ട്” – ബ്രൂണെയുടെ മതകാര്യ മന്ത്രാലയം (MoRA) ഉത്തരവിട്ടു.

6. സൊമാലിയ

2015 ൽ സൊമാലിയൻ സർക്കാർ ക്രിസ്തുമസ് ആഘോഷം നിരോധിച്ചു. ഇത് രാജ്യത്തിന്റെ മുസ്ലീം വിശ്വാസത്തിന് ഭീഷണിയാണെന്നായിരുന്നു വാദം. കാരണം ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങൾ ഇസ്ലാമുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല” – സൊമാലിയൻ മതകാര്യ മന്ത്രാലയം ഈ തീരുമാനത്തെ ന്യായീകരിച്ചു. സൊമാലിയൻ നീതിന്യായ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് ഖെയ്‌റോ പറയുന്നത് “സൊമാലിയയിൽ മുസ്ലീങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് ശരിയായ കാര്യമല്ല” എന്നാണ്.

2015 ൽ ഈ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ഷെയ്ഖുമാരിൽ ഒരാളായ മുഹമ്മദ് അൽ-അരീഫെ, എന്റെ ജനങ്ങൾക്കും യൂറോപ്പിലെയും മറ്റിടങ്ങളിലെയും എന്റെ ആൺമക്കൾക്കും പെൺമക്കൾക്കും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് നിരോധിച്ചിരിക്കുന്നു. കാരണം,അവയിൽ മദ്യം, നൃത്തം, മദ്യപാനം, എന്നിവ ഉൾപ്പെടുന്നു എന്നാണ് പ്രഖ്യാപിച്ചത്.

തയാറാക്കിയത് സി. സൗമ്യ മുട്ടപ്പിള്ളിൽ ഡി.എസ്.എച്ച്.ജെ





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.