'ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും പണം നല്‍കിയെന്ന് സംശയം:' സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്എഫ്ഐഒ

'ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും പണം നല്‍കിയെന്ന് സംശയം:' സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്എഫ്ഐഒ

ന്യൂഡല്‍ഹി: കരിമണല്‍ ഖനന കമ്പനി സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കേന്ദ്ര അന്വേഷണ ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ).

ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്ലില്‍ നിന്ന് പണം ലഭിച്ചതായി സംശയിക്കുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

സിഎംആര്‍എല്ലില്‍ നിന്ന് ആര്‍ക്കൊക്കെ ഫണ്ട് ലഭിച്ചുവെന്നതിന്റെ വിശദമായ അന്വേഷണം നടത്തിയതായും എസ്എഫ്ഐഒ അറിയിച്ചു. രാഷ്ട്രീയ നേതാക്കള്‍, മീഡിയ ഹൗസസ് എന്നിവയ്ക്ക് പുറമെ ഭീകരവാദ സംഘടനയുമായി ബന്ധമുള്ളവര്‍ക്ക് പണം നല്‍കിയെന്ന സംശയവും അന്വേഷണ പരിധിയിലുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയില്‍ അറിയിച്ചു.

ഇത് ആദ്യമായാണ് സിഎംആര്‍എല്ലിന്റെ ഫണ്ടില്‍ നിന്ന് പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും ഫണ്ടിങ് നടത്തിയന്നെ സംശയം എസ്എഫ്ഐഒ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക്-സിഎംആര്‍എല്‍ ദുരൂഹ ഇടപാടില്‍ അന്വഷണം പൂര്‍ത്തിയായതായും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.

ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് എക്സാലോജികിന് പണം നല്‍കിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തില്‍ പണം നല്‍കിയതെന്നും എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ വാദം ഈ മാസം 23 ന് വീണ്ടും തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.