കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് അമിത് ഷാ; ആഭ്യന്തര മന്ത്രിയെ പുറത്താക്കണമെന്ന് ഖാര്‍ഗെ: അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു

കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് അമിത് ഷാ;  ആഭ്യന്തര മന്ത്രിയെ പുറത്താക്കണമെന്ന് ഖാര്‍ഗെ:  അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു

ന്യൂഡല്‍ഹി: ഡോ. അംബേദ്കറെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ചൊവ്വാഴ്ച രാജ്യസഭയില്‍ അംബേദ്കറെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അമിത് ഷാ വാര്‍ത്താ സമ്മേളനം വിളിച്ച് വിശീദകരണം നല്‍കിയത്. വിവാദത്തില്‍ അമിത് ഷായെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തിയിരുന്നു.

രാജ്യസഭയില്‍ താന്‍ നടത്തിയ പ്രസംഗം വ്യക്തവും ഒരു ആശയ കുഴപ്പത്തിനും വക നല്‍കാത്തതുമായിരുന്നു. സഭാ രേഖകളില്‍ അതുണ്ട്. ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും ഒരു ചര്‍ച്ച നടന്നു. കഴിഞ്ഞ 75 വര്‍ഷത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തി.

പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും വ്യത്യസ്തമായ ആശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രശ്‌നങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാട് എല്ലായ്പ്പോഴും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രീതി അപലപനീയമാണന്നും അമിത് ഷാ പറഞ്ഞു.

'എനിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് പറയാനുള്ളത് - ഡോ. ബി.ആര്‍ അംബേദ്കര്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സമൂഹ വിഭാഗത്തില്‍ നിന്നാണ് നിങ്ങള്‍ വരുന്നത്. അതിനാല്‍ ഈ ദുഷിച്ച പ്രചാരണത്തെ നിങ്ങള്‍ പിന്തുണയ്ക്കരുത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദ്ദം കാരണം നിങ്ങള്‍ ഇത്തരമൊരു പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് നിരാശയുണ്ട്. കോണ്‍ഗ്രസ് അംബേദ്കര്‍ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സംവരണ വിരുദ്ധവും സവര്‍ക്കര്‍ വിരുദ്ധവും ഒബിസി വിരുദ്ധവുമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു'- അമിത് ഷാ പറഞ്ഞു.

'അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍........ എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു.'

ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങളെപ്പറ്റി ചൊവ്വാഴ്ച രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്.

എന്നാല്‍ അംബേദ്കറോട് ബഹുമാനമുണ്ടെങ്കില്‍ അമിത് ഷായെ പ്രധാനമന്ത്രി മോഡി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അമിത് ഷായുടെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു പ്രതികരണം.

'അമിത് ഷാ മാപ്പ് പറയണം, മോദിക്ക് ബാബാ സാഹേബ് അംബേദ്കറില്‍ വിശ്വാസമുണ്ടെങ്കില്‍ അദേഹത്തെ അര്‍ധ രാത്രിയോടെ പുറത്താക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം. മന്ത്രിസഭയില്‍ തുടരാന്‍ അദേഹത്തിന് അവകാശമില്ല. അദ്ദേഹത്തെ പുറത്താക്കണം, അപ്പോള്‍ മാത്രമേ ആളുകള്‍ നിശബ്ദത പാലിക്കൂ. അംബേദ്കറിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്'- ഖാര്‍ഗെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.