കാലിഫോര്‍ണിയ: ഭൂമിയില്‍ നിന്ന് 1400 കിലോ മീറ്റര്‍ ഉയരത്തില്‍ മനുഷ്യരെ എത്തിക്കുക, സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി കുതിച്ചുയര്‍ന്ന സ്പേസ് എക്സിന്റെ പോളാരിസ് ഡോണ്‍ ദൗത്യത്തിനിടെ വൈദ്യുതി തടസം നേരിടുകയും കമാന്റില്ലാതെ പേടകം ഭ്രമണ പഥത്തില്‍ കറങ്ങിയെന്നും റിപ്പോര്‍ട്ട്. എന്നാല്‍ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ഈ സംഭവം മറച്ചു വച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2024 സെപ്റ്റംബര്‍ പത്തിനാണ് അഞ്ച് ദിവസം ദൈര്‍ഘ്യമുള്ള പൊളാരിസ് ഡോണ്‍ എന്ന ബഹിരാകാശ യാത്രാ ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചത്. ഷിഫ്റ്റ് 4 സിഇഒയും നാസയുടെ നിയുക്ത മേധാവിയുമായ ജാരെഡ് ഐസാക്മാന് വേണ്ടിയാണ് സ്പേസ് എക്സ് ഈ ദൗത്യം സംഘടിപ്പിച്ചത്.
ജാരെഡ് ഐസാക്മാനൊപ്പം സ്‌കോട്ട് പൊട്ടീറ്റ്, സാറാ ഗില്ലിസ്, അന്ന മേനോന്‍ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. ദൗത്യ ലക്ഷ്യങ്ങളിലൊന്നായ ബഹിരാകാശ നടത്തവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ദൗത്യ സംഘത്തിന് സാധിച്ചു.
എന്നാല്‍ ദൗത്യത്തിനിടെ കാലിഫോര്‍ണിയയിലെ സ്പേസ് എക്സ് കേന്ദ്രത്തില്‍ വൈദ്യുതി തടസപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് പൊളാരിസ് ഡോണ്‍ ദൗത്യം നിയന്ത്രിച്ചിരുന്ന ഗ്രൗണ്ട് കണ്‍ട്രോളും പേടകവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നുമാണ് ഈ ദൗത്യവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ സംഭവം അന്ന് പുറത്തറിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ഭ്രമണ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ഡ്രാഗണ്‍ പേടകത്തിലുള്ളവര്‍ക്ക് ആവശ്യമായ കമാന്റുകള്‍ നല്‍കാന്‍ കണ്‍ട്രോള്‍ സെന്ററിന് സാധിച്ചില്ല. എങ്കിലും ഈ സമയം മുഴുവന്‍ സഞ്ചാരികള്‍ പേടകത്തില്‍ സുരക്ഷിതരായിരുന്നു. സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയുടെ സഹായത്തോടെ അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ സാധിച്ചിരുന്നത് രക്ഷയായി.
അതേസമയം മിഷന്‍ കണ്‍ട്രോള്‍ സെന്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ദൗത്യത്തിനിടെ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ ഭൂമിയിലെ മിഷന്‍ കണ്‍ട്രോളുമായി ബന്ധം നിലനിര്‍ത്തേണ്ടത് അനിവാര്യമാണന്നും അവര്‍ ചൂണ്ടിക്കാട്ടി.
സംഭവുമായി ബന്ധപ്പെട്ട് സ്പേസ് എക്സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബഹിരാകാശ ദൗത്യങ്ങള്‍ക്കിടെ ഉണ്ടാകുന്ന ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ മറച്ചു വെച്ചേക്കാമെന്ന ആശങ്കയാണ് ഈ സംഭവത്തോടെ ഉയരുന്നത്.
സഹസ്ര കോടീശ്വരന്‍മാരായ ഇലോണ്‍ മസ്‌ക്, ജാരെഡ് ഐസാക്മാന്‍ എന്നിവരെ പോലുള്ളവര്‍ ഡൊണാള്‍ഡ് ട്രംപ് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ഭരണ കൂടത്തിന്റെ ഭാഗമാകാനിരിക്കെ ഇത്തരം വിഷയങ്ങളില്‍ നാസയുള്‍പ്പടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണാധികാരണങ്ങള്‍ കുറയുമോ എന്ന സംശവും ഉയരുന്നുണ്ട്.
നാസയുടെ നേതൃത്വത്തിലേക്കാണ് ജാരെഡ് ഐസാക്മാന്‍ വരുന്നത്. സര്‍ക്കാരിന്റെ ഉപദേശക വിഭാഗത്തിന്റെ നേതൃത്വത്തിലേക്കാണ് ഇലോണ്‍ മസ്‌ക് എത്തുക. ഇതുവഴി സ്‌പേസ് എക്‌സിനേയും മറ്റ് സ്വകാര്യ ബഹിരാകാശ കമ്പനികളേയും നിയന്ത്രിക്കുന്ന ഏജന്‍സികളുടെ മേല്‍ ഇരുവര്‍ക്കും കാര്യമായ സ്വാധീനം ചെലുത്താനാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.